കമ്പാല: ഉഗാണ്ടയില്‍ 2 വയസുകാരനെ ഹിപ്പോപൊട്ടാമസ് ജീവനോടെ വിഴുങ്ങി.  പോള്‍ ഇഗ എന്ന ആണ്‍കുട്ടിയെയാണ് ഹിപ്പൊപൊട്ടാമസ് ഒന്നടങ്കം വിഴുങ്ങിയത്. കാഴ്ചക്കാര്‍ കല്ലെറിഞ്ഞതോടെ, ഹിപ്പോ പുറത്തേയ്ക്ക് തുപ്പിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

കറ്റ്വെ കബാറ്റോറോ എന്ന സ്ഥലത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്. യുഗാണ്ടയിലെ  വീടിനു സമീപമുള്ള എഡ്വേര്‍ഡ് തടാകക്കരയില്‍ കളിച്ചു കൊണ്ടിരിക്കവേയാണ് കുട്ടിയെ ഹിപ്പോ ആക്രമിച്ചത്.  പെട്ടെന്ന് തടാകത്തില്‍ നിന്ന് കരയിലേക്കെത്തിയ ഹിപ്പോ തന്‍റെ താടിയെല്ലുകള്‍ ഉപയോഗിച്ച് കുട്ടിയെ വായിലാക്കി. ഇത് കണ്ടുനിന്ന  ക്രിസ്പസ് ബഗോന്‍സയെന്ന ആള്‍ മൃഗത്തിന് നേരെ കല്ലെറിയാന്‍ തുടങ്ങിയതോടെ കുട്ടിയെ ജീവനോടെ തന്നെ പുറത്തേക്ക് തുപ്പുകയായിരുന്നു.

പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ചികിത്സകള്‍ നല്‍കി. പിന്നാലെ കുട്ടിയെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അടുത്തുള്ള പട്ടണമായ ബ്വേരയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. എഡ്വേര്‍ഡ് തടാകത്തില്‍ നിന്ന് ഒരു ഹിപ്പോ ഒരു പിഞ്ചു കുഞ്ഞിനെ ആക്രമിക്കുന്ന സംഭവം ഇതാദ്യമായാണെന്ന് പ്രദേശവാസികള്‍ പറയുന്നു.