ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ അന്യായമായി കയ്യടക്കിയ ഭൂമിയാണ് തന്നോട് വിൽക്കാൻ പറഞ്ഞതെന്നും ഭൂമിയുടെ രേഖകളിൽ പ്രശ്‌നം ഉണ്ടായിരുന്നതായും ടി ജി നന്ദകുമാർ. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിവരങ്ങളിൽ ഈ ഭൂമിയുടെ വിവരങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമിക്ക് അഡ്വാൻസായി നൽകിയ 10 ലക്ഷം രൂപ തിരികെ നൽകാൻ പലതവണ പറയുകയും കത്ത് അയക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്രതികരിക്കാതെ വന്നതോടെയാണ് എല്ലാം ഇപ്പോൾ തുറന്ന് പറഞ്ഞതെന്നും നന്ദകുമാർ വ്യക്തമാക്കി. പണം തിരികെ ചോദിച്ചപ്പോൾ ആദ്യം തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് നൽകാമെന്നാണ് ശോഭ പറഞ്ഞത്. എന്നാൽ അതും കിട്ടിയില്ലെന്ന് നന്ദകുമാർ പറഞ്ഞു. പണം നൽകിയില്ലെന്ന നന്ദകുമാറിന്റെ ആരോപണത്തിൽ ഇന്നലെ തന്നെ പ്രതികരിച്ച് ശോഭ സുരന്ദ്രൻ രംഗത്തെത്തിയിരുന്നു. ദല്ലാൾ നന്ദകുമാറിൽ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങിയത് തന്റെ ഭൂമിക്കുള്ള അഡ്വാൻസ് ആണെന്നും നാലുതവണ വിളിച്ചിട്ടും രജിസ്റ്റർ ചെയ്ത് വാങ്ങാൻ നന്ദകുമാർ തയ്യാറായില്ലെന്നുമാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞത്. 

കാൻസർ ബാധിതയായ തന്റെ ചേച്ചിയുടെ ഭർത്താവിന്റെ ചികിത്സയ്ക്കായിട്ടാണ് ഭൂമി വിൽക്കാൻ തീരുമാനിച്ചതെന്നും ശോഭ പറഞ്ഞിരുന്നു. എന്നാൽ കാൻസർ രോഗിക്ക് വേണ്ടിയല്ല ഭൂമി വിൽക്കാൻ ശ്രമിച്ചതെന്ന് നന്ദനകുമാർ മറുപടിയായി പറഞ്ഞു.’പാർട്ടിയിൽ പിടിച്ച് നിൽകണമെങ്കിൽ തനിക്ക് ഒരു തസ്തിക വേണം. അതിന് ഒരു കോടി രൂപ വേണം. പോണ്ടിച്ചേരി മുഖ്യമന്ത്രിക്ക് ഒരു കോടി രൂപ കൊടുത്താൽ തനിക്ക് പോണ്ടിച്ചേരി എൽജി (ലെഫ്റ്റ് ഗവർണർ) ലഭിക്കും. തന്റെ കൈയിൽ 80ലക്ഷം രൂപയുണ്ട് ഭൂമിക്ക് 20 ലക്ഷം രൂപ അഡ്വാൻസായി തരണം. എന്നാണ് ശോഭ പറഞ്ഞത്, എന്നാൽ ഞാൻ 10 ലക്ഷം തരാം എന്ന് പറഞ്ഞ് അത് കൊടുത്തു. അല്ലാതെ ഒരു കാൻസർ രോഗിയും അന്ന് ഇല്ലായിരുന്നു’, നന്ദകുമാർ വ്യക്തമാക്കി.