വിവാഹം പോലെ വിവാഹമോചനവും ഇപ്പോൾ ആഘോഷിക്കുന്ന കാലമാണ്. അടുത്തിടെ വിവാഹമോചനത്തിന്റെ ഫോട്ടോഷൂട്ടുകളും പാർട്ടിയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഡിവോഴ്സ് റിങ്ങുകളും വിപണയിൽ തരംഗമാകുകയാണ്.

അമേരിക്കൻ നടിയും മോഡലുമായ എമിലി രതജോവ്സ്കി തന്റെ ഡിവോഴ്സ് റിങ്ങുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഇത് ട്രെൻഡിങ്ങായത്. തന്റെ വിവാഹ മോതിരത്തിലെ രത്നങ്ങൾ വേർതിരിച്ചെടുത്ത് രണ്ട് മോതിരങ്ങളാക്കി എമിലി മാറ്റി. ടോയ് എറ്റ് മോയ് എന്നറിയപ്പെടുന്ന ഈ മോതിരത്തിൽ പങ്കാളികളെ സൂചിപ്പിക്കുന്നതിനായി രണ്ട് രത്നങ്ങൾ ഒരുമിച്ചാണുണ്ടാകുക. ജ്വല്ലറി ക്രിയേറ്റീവ് ഡയറക്ടറായ അലിസഎൺ ചേംലയുടെ സഹായത്തോടെയാണ് എമിലി ഈ മോതിരം രണ്ടാക്കി മാറ്റിയത്.

ഇത് അണിഞ്ഞുള്ള ചിത്രങ്ങൾ എമിലി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. ബന്ധം വേർപിരിഞ്ഞുവെന്ന് കരുതി മോതിരം ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്നും ഒരു വ്യക്തി എന്ന നിലയിൽ ജീവിതത്തിലുണ്ടായ പരിണാമത്തെയാണ് ഈ മോതിരങ്ങൾ പ്രതിനിധീകരിക്കുന്നതെന്നും വോഗിന് നൽകിയ അഭിമുഖത്തിൽ എമിലി പറയുന്നു.

പാശ്ചാത്യ രാജ്യങ്ങളിൽ നേരത്തെതന്ന് വിവാഹമോചനത്തെ സൂചിപ്പിക്കുന്ന മോതിരങ്ങൾ പ്രചാരത്തിലുണ്ട്. ന്യൂയോർക്കിലെ ചില ജ്വല്ലറികളും ബ്രേക്കപ്പ്-ഡിവോഴ്സ് മോതിരങ്ങൾ നേരത്തെ വിപണയിലെത്തിച്ചിരുന്നു.

വ്യക്തിഗത താത്പര്യങ്ങൾക്ക് അനുസരിച്ചാണ് വിവാഹമോചിതർക്കുള്ള മോതിരങ്ങളും തയ്യാറാക്കുന്നത്. എമിലിയെപ്പോലെ ചിലർ മോതിരം രൂപമാറ്റം വരുത്തുമ്പോൾ മറ്റു ചിലർ മോതിരത്തിലെ കല്ലുകൾ പെൻഡന്റുകൾ ആയും ഉപയോഗിക്കുന്നു. ഈ മോതിരം വിറ്റ് പുതിയത് വാങ്ങുന്നവരും കുറവല്ല. ഇടംകൈയിലെ വിവാഹമോതിരം വിവാഹമോചനത്തിന് ശേഷം വലംകൈയിലേക്ക് മാറ്റി ധരിക്കുന്നവരുമുണ്ട്.