സ്ത്രീകൾ, സമാധാനം, സുരക്ഷ എന്നിവയെ കുറിച്ചുള്ള തുറന്ന സംവാദവേളയിൽ, ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാകൗൺസിലിൽ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ മോൺസിഞ്ഞോർ ഗബ്രിയേലേ കാച്ച, സായുധ സംഘട്ടനങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ ആസൂത്രിതമായി വർദ്ധിക്കുന്നതിലുള്ള ആശങ്കകൾ പങ്കുവച്ചുകൊണ്ട് പ്രസ്താവന നടത്തി. യുദ്ധത്തിന്റെ വിപത്തുകൾ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒരു ലോകത്ത്, സംഘട്ടനങ്ങളുടെ മറവിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ ചിന്തിക്കാൻ പോലും സാധിക്കാത്തതാണെന്ന് അദ്ദേഹം അടിവരയിട്ടു.

തീവ്രവാദ സംഘടനകളും മറ്റ്  സായുധ ഗ്രൂപ്പുകളും തന്ത്രപരമായ ഒരു യുദ്ധ രീതിയായി ലൈംഗിക അതിക്രമത്തെ ബോധപൂർവം ഉപയോഗിക്കുന്നതിനെക്കുറിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ ആശങ്കകളും മോൺസിഞ്ഞോർ പങ്കുവച്ചു.

 ലൈംഗികാതിക്രമങ്ങൾ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവസരങ്ങളിലും, സ്ത്രീകളുടെ ഉപജീവനമാർഗത്തിലും ഉണ്ടാക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ ഇത്തരം ഹീനകൃത്യങ്ങൾ തടയുന്നതിനുള്ള മാർഗങ്ങൾ   ഓരോ രാജ്യവും സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും മോൺസിഞ്ഞോർ കാച്ച എടുത്തു പറഞ്ഞു.

“സമാധാനം കണ്ടെത്തുന്നതിനും അക്രമത്തിൻ്റെയും, വിദ്വേഷത്തിൻ്റെയും ലോകത്തു  നിന്ന് കരകയറുന്നതിനും, യഥാർത്ഥ മനുഷ്യ നയനങ്ങളോടും, ഹൃദയത്തോടും കൂടി കാര്യങ്ങൾ കാണുന്നതിനും   അമ്മമാരിലേക്കും, സ്ത്രീകളിലേക്കും നോക്കണമെന്നുള്ള” ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ കൂടി എടുത്തു പറഞ്ഞുകൊണ്ടാണ്, സമാധാനസംസ്ഥാപനത്തിൽ സ്ത്രീകൾക്കുള്ള പങ്കിനെ മോൺസിഞ്ഞോർ വിശദീകരിച്ചത്.