തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം നിർവഹിച്ച് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും കുടുംബവും. അദ്ദേഹം മത്സരിക്കുന്ന തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ മുക്കാട്ടുകര സെയിന്റ് ജോർജ് എൽപി സ്‌കൂളിലെ 115-ാം ബൂത്തിലാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്തത്.

കേരളത്തിന്റെ ഹൃദയവികാരം മാനിച്ച്, തൃശ്ശൂരിലെ സമ്മതിദായകർ അവരുടെ വിരൽത്തുമ്പിലൂടെ താമരയെ തൊട്ടുണർത്തി തൃശ്ശൂരിനെയും അതുവഴി കേരളത്തെയും വിരിയിക്കും എന്ന ആത്മവിശ്വാസമുണ്ട്. എനിക്ക് വേണ്ടി എനിക്ക് ആദ്യമായാണ് വോട്ട് ചെയ്യാൻ സാധിച്ചത്. അതാണ് ഏറ്റവും മഹത്തായ കാര്യം. ഒന്നാമത്തെ വോട്ട് തന്നെ എനിക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഒരു മുതിർന്ന പൗരനെത്തി. പിന്നെ പത്താമത് വോട്ട് ചെയ്യാവുന്ന സ്ഥിതിയിലെത്തിയെന്ന് സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തെയെങ്കിലും എംപിമാരുടെ പ്രവർത്തനമെടുത്താൽ, അത് ജനങ്ങളിലേക്കാണോ എത്തിച്ചേർന്നത് എന്ന വിലയിരുത്തൽ മാത്രം മതി തനിക്ക് വിജയം ഉറപ്പിക്കാൻ. തിരഞ്ഞെടുപ്പ് വൈകിയത് മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുരുവായൂർ സന്ദർശനത്തിന് ശേഷം രാവിലെ 6.30 യോടെയാണ് സുരേഷ് ഗോപിയും കുടുംബവും ബൂത്തിലെത്തി സമ്മതിദാനാവകാശം നിർവഹിച്ചത്. അദ്ദേഹം മറ്റു ബൂത്തുകളിൽ സന്ദർശനം നടത്തുമെന്നാണ് സൂചന.