നാഗോര്‍ണോ-കരാബാക്കിലെ ഷുഷ (ഷുഷി) നഗരത്തിലെ 177 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളി അസര്‍ബൈജാന്‍ തകര്‍ത്തതായി കോക്കസസ് ഹെറിറ്റേജ് വാച്ച് റിപ്പോര്‍ട്ട് ചെയ്തു. 2023 ഡിസംബര്‍ 28 നും 2024 ഏപ്രില്‍ 4 നും ഇടയില്‍ പള്ളി പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും അവര്‍ പുറത്തുവിട്ടു.

അര്‍മേനിയന്‍ വസ്തുതാ പരിശോധന പ്ലാറ്റ്ഫോമായ ഫിപ്പ്, അസര്‍ബൈജാനി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫൂട്ടേജ് പ്രകാരം, പള്ളിയുടെ താഴികക്കുടവും മണി ഗോപുരവും ഏതാണ്ട് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പ്രധാന പള്ളികളില്‍ ഒന്നായിരുന്നു ഇതെന്നും ഫിപ്പ് റിപ്പോര്‍ട്ട് ചെയ്തു.

നഗോര്‍നോ-കരാബാക്കിലെ ക്രിസ്ത്യന്‍ അര്‍മേനിയന്‍ പൈതൃകം അസര്‍ബൈജാന്‍ നശിപ്പിച്ചതായി മുമ്പും ആരോപിക്കപ്പെട്ടിട്ടുണ്ട്. 2020 ല്‍ രണ്ടാം നഗോര്‍ണോ-കറാബാക്ക് യുദ്ധം അവസാനിച്ചതിനെത്തുടര്‍ന്ന്, നിരവധി ക്രിസ്ത്യന്‍ സ്മാരകങ്ങളും പള്ളികളും നശിപ്പിക്കപ്പെട്ടതായി അര്‍മേനിയക്കാര്‍ പരസ്യമായി ആരോപിച്ചിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിന്റെ ഏറ്റവും ഗുരുതരമായ ലംഘനമാണ് നടന്നതെന്നും അവര്‍ പറയുന്നു.

അര്‍മേനിയന്‍ സാംസ്‌കാരിക പൈതൃകത്തെ ബാധിക്കുന്ന നശീകരണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ യുഎന്‍ കോടതി അസര്‍ബൈജാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.