നേപ്പാളിലെ ക്രൈസ്തവർക്ക് വെല്ലുവിളി ഉയർത്തുകയാണ് വളർന്നു വരുന്ന ഹിന്ദു ദേശീയത. നാളുകൾക്കു മുൻപ് വരെ മതപരമായ പീഡനങ്ങളിൽ നിന്നും വിവേചനകളിൽ നിന്നും നേപ്പാളിലെ ക്രൈസ്തവർക്ക് ഭരണകൂടം കൂടുതൽ സംരക്ഷണം നൽകിയിരുന്നു. എന്നാൽ ഇന്ത്യയുടെ അതിർത്തികടന്നു വർഗ്ഗീയതയും ഹിന്ദു ദേശീയതയും നേപ്പാളിലും വ്യാപിക്കുന്ന കാഴ്ചയാണ് അടുത്തിടെയായി കണ്ടുവരുന്നത്.

ഇന്ത്യയുമായുള്ള അടുപ്പം മാത്രമല്ല ഈ മാറ്റത്തിന് കാരണം. അതിർത്തി കടന്നു ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ നടത്തുന്നതിനും ഹിന്ദു ദേശീയത വളർത്തുന്നതിനും ഫണ്ട് എത്തുന്നുണ്ട് എന്നും വിവരങ്ങൾ ലഭ്യമാണ്. ഹിന്ദു ഇതര മതങ്ങളുടെ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും നേതാക്കളെയും ഹിന്ദു ഭൂരിപക്ഷം ലക്ഷ്യമിടുന്നതായി ഉള്ള സംഭവങ്ങളും അടുത്തിടെ വർധിച്ചു വരുന്നു.

മാർച്ച് മുതൽ, നേപ്പാളിന്റെ അകത്തും പുറത്തുമുള്ള പലരും വളർന്നുവരുന്ന ഹിന്ദു ദേശീയതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സുവിശേഷപ്രവർത്തനം രാജ്യത്തുടനീളം കൂടുതൽ അപകടകരമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ക്രൈസ്തവർ വെളിപ്പെടുത്തുന്നു. വർധിച്ചുവരുന്ന പീഡന ഭീഷണികൾക്കിടയിലും നേപ്പാളിലെ ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തിൽ ധൈര്യത്തോടെ നിലകൊള്ളാനും അവർ സുരക്ഷിതരായി തുടരാനും പ്രാർഥിക്കുകയാണ്.