പ്രണയത്തിന് അതിരുകളില്ല എന്ന് നാം എപ്പോഴും കേൾക്കാറുണ്ട്. അത് തെളിയിക്കുന്ന പല സംഭവങ്ങളും നാം കാണാറുമുണ്ട്. അതുപോലെ തന്നെയാണ് ഇവിടെയും സംഭവിച്ചത്. പോളണ്ടിൽ നിന്നുള്ള ഒരു യുവതിയും ഇന്ത്യക്കാരനായ യുവാവുമാണ് കഥയിലെ നായികാ നായകന്മാർ. 

പോളണ്ടുകാരിയായ ബാർബറ പോളക്കാണ് ജാർഖണ്ഡിലെ ഹസാരിബാഗിലെ ഖുത്ര ഗ്രാമത്തിൽ താമസിക്കുന്ന ഷദാബുമായി പ്രണയത്തിലായത്. ഇരുവരും പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെയാണ്. 2021 -ൽ ഇന്ത്യയിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ഇവരുടെ സൗഹൃദം വളരുകയും അത് പ്രണയമായി മാറുകയും ചെയ്യുകയായിരുന്നു. 

ഇപ്പോഴിതാ ഇരുവരും വിവാഹ നിശ്ചയം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഹസാരിബാഗ് എസ്ഡിഎം കോടതിയിലും ഇരുവരും വിവാഹത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ബാർബറയ്ക്ക് 8 വയസ്സുള്ള അന്യ പോളക്ക് എന്നൊരു മകളുമുണ്ട്. 

തങ്ങളിരുവരും ആഴത്തിലുള്ള പ്രണയത്തിലാണ് എന്നും എല്ലായ്പ്പോഴും എല്ലാത്തിലും ബാർബറയ്ക്കൊപ്പം ഉണ്ടാകുമെന്നും ഷദാബ് പറയുന്നു. ഒപ്പം യഥാർത്ഥ സ്നേഹം ഇല്ലെങ്കിൽ നമ്മുടെ സ്വകാര്യജീവിതം പൂർണമാവില്ല എന്നാണ് ഷദാബ് വിശ്വസിക്കുന്നത്. ബാർബറയുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും അവൾക്കൊപ്പം ഉണ്ടാകണം എന്നാണ് താൻ ആ​ഗ്രഹിക്കുന്നത് എന്നും ഷദാബ് പറയുന്നു.