ടെഹ്‌റാൻ: ഇസ്രായേൽ ഒരിക്കൽ കൂടി തെറ്റ് ആവർത്തിച്ചാൽ ഒന്നും ബാക്കിയുണ്ടാകില്ലെന്ന് ഇറാൻ മുന്നറിയിപ്പ്. പാക്കിസ്ഥാൻ സന്ദർശനത്തിൻ്റെ രണ്ടാം ദിവസം വടക്കുകിഴക്കൻ നഗരമായ ലാഹോറിലെ ഗവ. കോളജ് സർവകലാശാലയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാസയിൽ പതിനായിരങ്ങളെ കൊല്ലുകയും ലക്ഷക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സയണിസ്റ്റ് കുറ്റകൃത്യങ്ങളെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പിന്തുണയ്ക്കുന്നു. ഇന്നത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായ അമേരിക്കയും പടിഞ്ഞാറൻ രാജ്യങ്ങളും തങ്ങള്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്നത് തീർത്തും പരിഹാസ്യമാണെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പറഞ്ഞു.

ജറുസലേമിൻ്റെ വിമോചനം ഇസ്ലാമിക ലോകത്തിന് മാത്രമല്ല, മാനവികതയുടെ ലോകത്തിനും ഒരു പ്രധാന പ്രശ്നമാണ്. പലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിലൂടെ അൽ ഖുദ്‌സും പലസ്തീൻ രാഷ്ട്രവും വിമോചിതമാകും. ഗാസയിലെ അടിച്ചമർത്തപ്പെട്ട ജനങ്ങളെ പിന്തുണച്ചതിന് പാശ്ചാത്യ സർവകലാശാലകളിൽ നിന്ന് പുറത്താക്കപ്പെട്ട നിരവധി വിദ്യാർത്ഥികളെ നാം കണ്ടു. എന്താണ് ഇതിന് പിന്നിലെ യുക്തി?  ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ തെളിവാണോ ഇതെന്നും റൈസി ചോദിച്ചു.

എല്ലാവിധ അന്താരാഷ്ട്ര നിയമങ്ങളും യു.എൻ ചാർട്ടറും ലംഘിച്ചാണ് ഡമാസ്കസിലെ ഇറാൻ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ കുറ്റകൃത്യം നടത്തിയത്. ഇതിന് ഇറാനിയൻ ജനത തക്കതായ ശിക്ഷ നല്‍കിക്കഴിഞ്ഞു. ഇറാനിന് നേരെ ഇനിയും ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ കാര്യങ്ങളെ മൊത്തം മാറിമറയും. സയണിസ്റ്റ് രാജ്യത്തില്‍ പിന്നെ ഒന്നും അവശേഷിക്കില്ലെന്നും റെയ്സി പറഞ്ഞു.