ഇറ്റലിയിലെ തെർമോലി ഇടവകയിൽ ഫാത്തിമ മാതാവിന്റെ അത്ഭുതചിത്രം പരസ്യവണക്കത്തിനു പ്രതിഷ്ഠിക്കുന്ന അവസരത്തിൽ ഫ്രാൻസിസ് പാപ്പാ ഇടവകയിലെ വിശ്വാസികൾക്ക് വീഡിയോ സന്ദേശം പങ്കുവച്ചു. ഏപ്രിൽ മാസം ഇരുപത്തിയേഴാം തീയതി ഇടവകയിൽ എത്തുന്ന ഫാത്തിമ മാതാവിന്റെ അത്ഭുതചിത്രം മെയ് ഏഴുവരെയാണ് ഇടവകയിൽ വിശ്വാസികൾക്കായി തുറന്നുകൊടുക്കുന്നത്.

തന്റെ സന്ദേശത്തിൽ, പരിശുദ്ധ അമ്മ  വിശ്വാസികൾക്ക് നൽകുന്ന സന്ദർശനത്തിന്റെ വ്യതിരിക്തതയെ പാപ്പാ എടുത്തു പറഞ്ഞു.  ഓരോ വ്യക്തിക്കും നൽകേണ്ട എല്ലാ മര്യാദയും നൽകിക്കൊണ്ട്, നമ്മുടെ അനുവാദത്തിനു വേണ്ടി അവൾ ഹൃദയ വാതിൽക്കൽ കാത്തുനിൽക്കുന്നുവെന്നും, എന്നാൽ  മറുപടി നൽകിക്കൊണ്ട് അവളെ സ്വീകരിക്കുവാനുള്ള കടമ നമ്മുടേതാണെന്നും പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു.

നമ്മുടെ  കുടുംബത്തിലെ ഒരു അംഗത്തെ പോലെ പരിശുദ്ധ അമ്മയെ സ്വീകരിക്കുവാൻ നാം തായാറാവണമെന്ന് പാപ്പാ പറഞ്ഞു. നമ്മുടെ ഉള്ളും ഉള്ളവും തിരിച്ചറിയുന്ന പരിശുദ്ധ അമ്മയുടെ മുൻപിൽ നമ്മുടെ പ്രശ്നങ്ങളെല്ലാം തുറന്നുപറയുവാനും നമുക്ക് സാധിക്കണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. നമ്മുടെ കുടുംബങ്ങളുടെയും, ഹൃദയങ്ങളുടെയും, മനഃസാക്ഷിയുടേയുമൊക്കെ വാതിലുകളിൽ അവൾ മുട്ടുമ്പോൾ എങ്ങനെയാണ് പ്രത്യുത്തരിക്കേണ്ടതെന്ന് വിചിന്തനം ചെയ്യുവാനും പാപ്പാ തന്റെ സന്ദേശത്തിലൂടെ വിശ്വാസികളെ ആഹ്വാനം ചെയ്തു.