പണ്ടു മുതല്‍ തന്നെ, മരുന്ന് ആവശ്യങ്ങൾക്കായി താമരവിത്ത് ഉപയോഗിക്കാറുണ്ട്. ഇന്ത്യയെക്കൂടാതെ, പ്രധാനമായും ജപ്പാൻ, ചൈന എന്നിവിടങ്ങളിലാണ് താമരവിത്തിന് കൂടുതല്‍ വിപണി സാധ്യത ഉള്ളത്. ധാരാളം പോഷകങ്ങളും കുറഞ്ഞ കലോറിയും അടങ്ങിയ ഭക്ഷണമായും ഔഷധമായും താമര വിത്ത് ചൈനീസ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. താമര ഔഷധഗുണമുള്ളതും ഭക്ഷ്യയോഗ്യവുമായ ഒരു ചെടിയാണെങ്കിൽ താമരവിത്ത് ആരോഗ്യഗുണങ്ങളുടെ കലവറയാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

താമര വിത്തുകളുടെ ആരോഗ്യ ഗുണങ്ങൾ

താമര വിത്ത് രാത്രിയിൽ പാലിനൊപ്പം അല്ലെങ്കിൽ ലഘുഭക്ഷണമായി കഴിക്കുന്നത് ധാരാളം ഗുണങ്ങൾ നൽകുന്നുവെന്നാണ് ഡോക്‌ടർമാരുടെ അഭിപ്രായം. ഇവ രണ്ടും പോഷകമൂല്യങ്ങൾ കൊണ്ട് സമ്പന്നമാണ്. പാലിൽ പ്രോട്ടീനും കാൽസ്യവും അടങ്ങിയിരിക്കുന്നു. ഇത് ഒരുമിച്ച് കഴിക്കുമ്പോള്‍, മികച്ച ഉറക്കവും വിശ്രമവും പ്രോത്സാഹിപ്പിക്കപ്പെടുന്നു

താമര വിത്തുകൾ പല തരത്തിൽ പ്രയോജനം ചെയ്യുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 2011 ലെ ഒരു പഠനമനുസരിച്ച്, കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തടയാനും കൊഴുപ്പ് ടിഷ്യുവിൻ്റെ ഭാരം കുറയ്ക്കാനും താമര വിത്തുകൾ സഹായിക്കുന്നു. താമര വിത്തുകളിലെ പോളിഫെനോളുകൾ ശരീരത്തിൻ്റെ ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തും. എന്നിരുന്നാലും, ഭാരം നിയന്ത്രിക്കുന്നതിൽ താമര വിത്ത് ഗുണകരമാണോ എന്നതിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്.

2008-ൽ സുഗിമോട്ടോയും സംഘവും നടത്തിയ ഗവേഷണത്തിൽ, താമരവിത്തിൽ അടങ്ങിയിരിക്കുന്ന സാപ്പോണിനുകളും ഫ്ലേവനോയിഡുകളും ഉത്കണ്ഠയും വിഷാദവും കുറയ്ക്കുമെന്ന് കണ്ടെത്തി. 2009-ൽ നടത്തിയ മറ്റൊരു പഠനത്തിൽ താമര വിത്തുകളിലെ ഫ്ലേവനോയ്ഡുകൾ വേദനസംഹാരിയായി പ്രവർത്തിക്കുമെന്ന് കണ്ടെത്തി. എന്നിരുന്നാലും, ഇത് സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.
താമര വിത്തിലെ ഫ്ലേവനോയ്ഡുകൾ, ശരീരത്തിലെ ഹാനികരമായ തന്മാത്രകളെ ചെറുക്കാനും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

വേണം ചില മുൻകരുതലുകൾ

താമര വിത്ത് കഴിക്കുന്നതിന് മുമ്പ് ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ‘അരിത്‍മിയ’ (Arrhythmia) പോലുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ ജാഗ്രത പാലിക്കണം. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും ഇത് നല്ലതല്ലെന്നും പറയുന്നു. താമരവിത്ത്, ചെറുതെങ്കിലും വലിയ പോഷക ഗുണങ്ങളുടെ കലവറയാണെന്ന് പറയുന്നുണ്ടെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ ഡോക്‌ടറുടെ അഭിപ്രായം തേടുക.