വടകര: വടകരയില്‍ വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്ന എല്‍ഡിഎഫിന്റെ ആരോപണങ്ങളെ തള്ളി യുഡിഎഫ്. ഫേക്ക് ഐഡി ഉപയോഗിച്ച് യുഡിഎഫിനെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും മുന്നണി ആരോപിച്ചു. മതതീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് തേടുന്നുവെന്ന വ്യാജ പോസ്റ്റര്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോട് റൂറല്‍ എസ് പിക്ക് യുഡിഎഫ് പരാതി നല്‍കി. വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

അതേസമയം വടകരയില്‍ യുഡിഎഫ് വര്‍ഗീയ പ്രചാരണം നടത്തുന്നതായി എല്‍ഡിഎഫ് ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും എല്‍ഡിഎഫ് പരാതി നല്‍കി. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ യുഡിഎഫ് കടുത്ത വര്‍ഗ്ഗീയ പ്രചാരണം നടത്തുന്നതായാണ് എല്‍ഡിഎഫിന്റെ ആരോപണം. വാട്‌സ് ആപ്പ് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. കെ കെ ഷൈലജയ്‌ക്കെതിരെ തോല്‍വി ഉറപ്പിച്ച യുഡിഎഫ് കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.