തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തെന്ന വാർത്തകൾ പുറത്തു വരുമ്പോൾ സേനയിൽ വലിയൊരു ശുദ്ധികലശമാണ് ആഭ്യന്തരവകുപ്പ് ഉദ്ദേശിക്കുന്നത്. ഭർത്താവ് ജയിലിലായ തക്കം നോക്കി ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന ആരോപണം നേരിടുന്ന സിഐയും പോക്സോ കേസിലെ ഇരയെ തെളിവെടുപ്പ് കഴിഞ്ഞുള്ള യാത്രയിൽ ഉപദ്രവിച്ച എഎസ്ഐയുമൊക്കെ പൊലീസ് സേനയ്ക്ക് വരുത്തിവച്ച നാണക്കേട് ചില്ലറയല്ല. ഇതിനു പിന്നാലെയാണ് ശുദ്ധികലശം ആരംഭിച്ചത്. പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ 85 പേരുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത്തരത്തിൽ തയ്യാറാക്കിയ പട്ടികയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

സിഐ മുതല്‍ എസ്︋പിമാര്‍ വരെയുള്ളവരുടെ സര്‍വീസ് ചരിത്രം പോലീസ് ആസ്ഥാനത്താകും പരിശോധിക്കുക. ബാക്കിയുള്ള റാങ്കുകളിലെ പോലീസുകാരെ കുറിച്ച് ജില്ലാ പോലീസ് മേധാവിമാരും പരിശോധിക്കും. പൊലീസുകാര്‍ പ്രതികളാകുന്ന ക്രിമിനല്‍ കേസുകള്‍ വര്‍ധിച്ചുവരുന്നുവെന്ന് കാട്ടി പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നും ബലാത്സംഗ കേസില്‍ ഉള്‍പ്പടെ പ്രതികളായ പോലീസുകാര്‍ സംരക്ഷിക്കപ്പെടുകയാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള തീരുമാനം ആഭ്യന്തര വകുപ്പ് കെെക്കൊണ്ടത്. 

സ്ത്രീകള്‍ക്കെതിരായ അതിക്രമം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിച്ചവരും അന്വേഷണം നേരിടുന്നവരുമായ പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കണക്കുകൾ പ്രകാരം സംസ്ഥാന  പൊലീസ് സേനയിൽ 744 ക്രിമിനൽ കേസ് പ്രതികളുണ്ടെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. നിയമസഭാ രേഖകൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പൊലീസ് സേനയിൽ വെറും ഒന്നര ശതമാനം മാത്രമുള്ള ഈ ക്രിമിനലുകളാണ് സേനയുടെ അന്തസ്സ് കളയുന്നതെന്ന ആരോപണവും ഉയർന്നിരുന്നു. 

ചില പൊലീസുകാരുടെ ദുഷ്പ്രവൃത്തികൾമൂലം സർക്കാരിന് തലകുനിക്കേണ്ട സ്ഥിതി വരുന്നുവെന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിരിക്കുന്നു. എന്നാൽ ഇത്തരക്കാർ എങ്ങനെ പൊലീസ് സേനയിൽ തുടരുന്നുവെന്നുള്ള ചോദ്യമാണ് ആഭ്യന്തര മന്ത്രിക്ക് എതിരെ ഉയരുന്നതും.  മുമ്പ് പൊലീസ് സേനയിലിരിക്കേ ക്രമിനൽ കേസുകളിൽപ്പെട്ട് ശിക്ഷിക്കപ്പെട്ട 18പേരെ പിരിച്ചുവിട്ടിട്ടുണ്ട്. 691ഉദ്യോഗസ്ഥർ വകുപ്പുതല അന്വേഷണത്തിലാണ്. കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കൽ, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം തുടങ്ങിയ ഗുരുതരമായ കേസുകളിലെ പ്രതികളും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. പീഡനക്കേസുകളിൽ പ്രതികളായ 65 പൊലീസുകാർ സേനയ്ക്കുള്ളിലുണ്ട്. ഇതിനിടെ ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ ഗുരുതര കു​റ്റകൃത്യങ്ങളിൽ പ്രതികളായ 59 പൊലീസുകാരുടെ മറ്റൊരു പട്ടികയുമുണ്ട്.