ന്യൂഡൽഹി: ഇന്ത്യയിൽ വിറ്റഴിക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ സാനിറ്ററി പാഡുകളിൽ അർബുദത്തിന് വരെ കാരണമായേക്കാവുന്ന മാരക രാസവസ്തുകളുണ്ടെന്ന് പഠനം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോക്സിക്സ് ലിങ്ക് എന്ന എൻജിഒ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഇന്ത്യയിൽ വന്‍തോതിൽ വിറ്റഴിക്കുന്ന 10 ബ്രാൻഡുകളിലാണ് പഠനം നടത്തിയത്. ‘മെൻസ്ട്രൽ വേസ്റ്റ് 2022’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് ഈ സുപ്രധാന കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. 

അർബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് കാരണമാകവുന്ന ഫലേറ്റുകളുടേയും അസ്ഥിര ജൈവസംയുക്തങ്ങളുടേയും (വി.ഒ.സി) സാന്നിധ്യമുണ്ടെന്നാണ് പഠനത്തിൽ തെളിഞ്ഞിരുക്കുന്നത്. ഇതിൽ ഫലേറ്റുകളുടെ സാന്നിധ്യം മനുഷ്യ ശരീരത്തിൽ അന്ധഃസ്രാവി ഗ്രന്ഥി തകരാറുകൾ, ഹൃദയത്തിനും പ്രത്യുൽപാദന വ്യവസ്ഥകൾക്കും ആഘാതം, പ്രമേഹം, അർബുദം, ജനനവൈകല്യങ്ങൾ തുടങ്ങിയവക്ക് കാരണമാകാവുന്നതാണ്. 

അസ്ഥിര ജൈവസംയുക്തങ്ങളുടെ സാന്നിധ്യം മസ്തിഷ്കവൈകല്യങ്ങൾ, ആസ്തമ, ശരീര വൈകല്യങ്ങൾ, പ്രത്യുൽപാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ ബാധിക്കുന്നതിന് കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു. ജൈവം എന്ന് അവകാശപ്പെടുന്ന പാഡുകളിൽ പോലും മാരകമായ തോതിൽ ഫലേറ്റുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം പറയുന്നു. അതിനാൽ ഓർഗാനിക് പാഡുകൾ സുരക്ഷിതമാണെന്ന ധാരണയും ഇതോടെ തകർന്നു. ചില പാഡുകളിൽ രാസവസ്തുക്കളുടെ അളവുകള്‍ യൂറോപ്യൻ നിശ്ചിത നിലവാരത്തെക്കാൾ 3% കൂടുതലാണെന്ന കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്ന് പഠനം പറയുന്നു.

മിക്ക ആർത്തവക്കാരും അവരുടെ ജീവിതകാലത്ത് ശരാശരി 1,800 ദിവസത്തേക്ക് സാനിറ്ററി പാഡുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ സാനിറ്ററി പാഡുകളുടെ ഘടനയിലും നിർമാണത്തിലും ഉപയോ​ഗത്തിലും ഒരു നിയന്ത്രണവുമില്ല. അതിനാൽ തന്നെ പാഡുകളിൽ അനുവദിക്കാവുന്ന രാസവസ്തുക്കൾ സംബന്ധിച്ച് സർക്കാറും ബന്ധപ്പെട്ട ഏജൻസികളും പ്രത്യേക മാർ​ഗനിർദേശങ്ങൾ കൊണ്ടുവരണമെന്നും സാനിറ്ററി പാഡുകൾക്ക് പകരം മറ്റു മാർ​ഗങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.