ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വെല്ലുവിളിയായി വിമതശല്യം രൂക്ഷം. 12 വിമതർക്കെതിരെ കൂടി അച്ചടക നടപടി സ്വീകരിച്ചു. വിമത സ്ഥാനാർത്ഥികളെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. മധു ശ്രീവാസ്തവ, ധവൽ സിംഗ് സാല, ദിനേശ് പട്ടേൽ എന്നിവരെ ഉൾപ്പെടെയാണ് സസ്‌പെൻഡ് ചെയ്തത്. 

ഈ നേതാക്കളെല്ലാം ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ സ്വതന്ത്ര പത്രിക സമർപ്പിക്കുകയായിരുന്നു. വഗോഡിയയിൽ നിന്ന് ആറ് തവണ എംഎൽഎഎയായ ആളാണ് മധു ശ്രീവാസ്തവ. ഇദ്ദേഹം ഉൾപ്പെടെ 12 വിമത സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരിച്ചത്. രണ്ട് ദിവസം മുൻപ് ഏഴ് നേതാക്കളെ ബിജെപി സസ്‌പെൻഡ് ചെയ്തിരുന്നു. 

രണ്ട് മുൻ എംഎൽഎമാർ അടക്കം വിമതരായി മൽസരിക്കുന്ന ഏഴ് നേതാക്കളെയാണ് ബിജെപി പുറത്താക്കിയത്. ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് സിആർ പാട്ടീലിന്റെ നിർദേശപ്രകാരമാണ് ഈ നടപടികൾ. അരവിന്ദ് ലഡാനി, ഹർഷദ് വസവ എന്നിവരാണ് പുറത്താക്കപ്പെട്ട മുൻഎംഎൽഎമാർ. 

2012ൽ കേശോഡ് മണ്ഡലത്തിൽനിന്ന് ജയിച്ച ലഡാനിക്ക് ഇക്കുറി സീറ്റ് നിഷേധിച്ചതോടെയാണ് വിമതനായി രംഗത്തുവന്നത്. പട്ടികവർഗ സംവരണ മണ്ഡലമായ നന്ദോഡിൽനിന്നാണ് ഹർഷദ് വസവ വിമതനായി മൽസരിക്കുന്നത്. സുരേന്ദ്രനഗർ ജില്ലാ പഞ്ചായത്ത് അംഗമായ ചത്തർസിങ് ഗുൻജാരിയ, കേതൻ പട്ടേൽ, ഭരത് ചന്ദ്ര, ഉദയ് ഷാ, കരൺ ബരയ്യ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് നേതാക്കൾ.