ചെന്നൈ: തമിഴ്നാട് കടലൂരില്‍ 7 പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ കെഡിലം പുഴയിലെ തടയണയില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

എ.മോനിഷ (16), ആര്‍ പ്രിയദര്‍ശിനി (15) ആര്‍ ദിവ്യ ദര്‍ശിനി (10), എം നവനീത (18), കെ പ്രിയ (18), എസ് സംഗവി (16) എം കുമുദ (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം നടന്നത്. ചുഴിയില്‍പ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേര്‍ കൂടി മുങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ നെല്ലിക്കുപ്പം പോലീസ് അന്വേഷണം ആരംഭിച്ചു.

നദിയിലെ നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. നീന്താനോ വെള്ളക്കെട്ടില്‍ നില്‍ക്കാനോ കഴിയാതെ പെണ്‍കുട്ടികള്‍ മുങ്ങി മരിക്കുകയായിരുന്നു. വഴിയാത്രക്കാര്‍ വെള്ളത്തില്‍ മുങ്ങിയവരെ കടലൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ കുട്ടികള്‍ മരിച്ചതായി അറിയിച്ചു. പ്രിയദര്‍ശിനിയും ദിവ്യദര്‍ശിനിയും ആയങ്കുറിഞ്ഞിപ്പാടി ഗ്രാമത്തില്‍ നിന്നുള്ളവര്‍ ആണ്. ബാക്കിയുള്ളവര്‍ കടലൂര്‍ ജില്ലയിലെ നെല്ലിക്കുപ്പത്തിനടുത്ത് എ കുച്ചിപ്പാളയത്തില്‍ നിന്നുള്ളവര്‍ ആണ്.