ബെംഗളൂരു; നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ നേരിടാൻ തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്. ബി ജെ പിയാൽ വേട്ടയാടപ്പെടുന്ന മുസ്ലീങ്ങൾ,ക്രിസ്ത്യാനികൾ,ദളിതർ എന്നിവരുടെ പ്രശ്നങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാണ് കോൺഗ്രസ് തീരുമാനം. 2023 സംസ്ഥാന തെരഞ്ഞെടുപ്പ് മുൻ നിർത്തി നടന്ന രണ്ടു ദിവസത്തെ ചിന്തൻ ശിബിരിത്തിലാണ് കോൺഗ്രസ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. വരും തദ്ദേശ തിരഞ്ഞെടുപ്പിൽ 50 ശതമാനം സീറ്റുകൾ 50 വയസിൽ താഴെയുള്ളവർക്കായി നീക്കിവെയ്ക്കാനും യോഗത്തിൽ തീരുമാനമായി.

നിരന്തരമായ പീഡനങ്ങളിലൂടെയും കള്ളക്കേസുകളിലൂടെയും ബി ജെ പി സർക്കാർ വേട്ടയാടുന്ന മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കുമായി കോൺഗ്രസ് നിലകൊള്ളും. കർണാടകയിലെ വർഗീയ ചേരിതിരിവ് ലോകം ശ്രദ്ധിക്കുകയാണ്. ബെംഗളൂരുവിന്റേയും കർണാടകയുടേയും പാരമ്പര്യം സംരക്ഷിക്കപ്പെടുണം.അതിനായി കോൺഗ്രസ് ഒറ്റെക്കെട്ടായി മുന്നിട്ടിറങ്ങും, അതിനുള്ള ബാധ്യത ഞങ്ങൾക്കുമുണ്ട്, കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഹിജാബ് വിവാദം, ക്ഷേത്ര പരിസരങ്ങളിൽ മുസ്ലീം കച്ചവടക്കാരെ തടഞ്ഞ നടപടി തുടങ്ങി വിവാദമായ വിഷയങ്ങൾ കോൺഗ്രസ് ശക്തമായി ഇടപെട്ടില്ലെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. മാത്രമല്ല കഴിഞ്ഞ മാസം രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ ബിജെപി വേട്ടയാടുന്ന സമൂഹത്തിനൊപ്പം നിൽക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് നേതാക്കൾ ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പാർട്ടി നേതൃത്വത്തിൻറെ പുതിയ പ്രഖ്യാപനം.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടുകൾ ഉറപ്പാക്കാനുള്ള തന്ത്രങ്ങളും പാർട്ടി മെനയുന്നുണ്ട്. ഇതിന്റെ ഭാഗമായി പാർട്ടിയിലെ എല്ലാ കമ്മിറ്റികളിലും 33 ശതമാനം സ്ത്രീ സംവരണം നടപ്പാക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പ്രകടന പത്രികയിലും സ്ത്രീകളെ ഉന്നം വെച്ചുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും ശിവകുമാർ പറഞ്ഞു. എല്ലാ പാർട്ടി സ്ഥാനങ്ങളുടെയും 50 ശതമാനം 50 വയസ്സിന് താഴെയുള്ളവർക്ക് സംവരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ ഈ നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് നേതൃത്വം പറയുന്നു. അതിനാൽ വരാനിരിക്കുന്ന ബിബിഎംപി, ജില്ലാ, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ 50 ശതമാനം ടിക്കറ്റുകൾ 50 വയസ്സിന് താഴെയുള്ളവർക്ക് നൽകിയേക്കും.

ബി ജെ പിയുടെ വർഗീയ ധ്രുവീകരണത്തിനെതിരെ ശക്തമായ പോരാട്ടം തന്നെ കാഴ്ച വെയ്ക്കുമെന്ന് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും മാധ്യമങ്ങളോട് പ്രതികരിച്ചു.മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും എതിരെ കള്ളക്കേസുകൾ എടുത്ത നടപടിയെ ഞങ്ങൾ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധികാരത്തിലേറിയാൽ നഗരപ്രദേശങ്ങളിൽ എൻ ആർ ഇ ജി എ പോലുള്ള പദ്ധതി അവതരിപ്പിക്കും, കർഷക അനുകൂല നടപടികൾ കൈക്കൊള്ളും,എല്ലാ ജലസേചന പദ്ധതികളും പൂർത്തിയാക്കാൻ 2 ലക്ഷം കോടി രൂപ ചെലവഴിക്കും, യുവജനങ്ങൾ, കലകൾ, പാർപ്പിടം, പരിസ്ഥിതി, വനാവകാശം തുടങ്ങി വിവിധ മേഖലകളിലും സുപ്രധാന പദ്ധതികൾ നടപ്പാക്കും, സ്വകാര്യമേഖലയിലും സംവരണം ഏർപ്പെടുത്തും, കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

അതിനിടെ സംഘടന തിരഞ്ഞെടുപ്പ് നടപടികളും വേഗത്തിൽ പൂർത്തിയാക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. പുതിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിനായി ജൂൺ 25 ന് മുൻപ് തന്നെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കും. ഗ്രാമപ്രദേശങ്ങളിൽ പഞ്ചായത്ത് കമ്മിറ്റികളും നഗരങ്ങളിൽ വാർഡ് കമ്മിറ്റികളും ഉണ്ടാകും. ഈ കമ്മിറ്റികളിൽ വിവിധ ജാതികളുടെയും സാമൂഹിക വിഭാഗങ്ങളുടെയും ജനസംഖ്യയ്ക്ക് ആനുപാതികമായ പ്രാതിനിധ്യം ഉണ്ടായിരിക്കും.