വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അവധിക്കാല വസതിയ്ക്ക് സമീപം വ്യോമാതിര്‍ത്തി ലംഘിച്ച് ചെറു സ്വകാര്യ വിമാനം എത്തിയത് ആശങ്കയ്ക്കിടയാക്കി. ശനിയാഴ്ചയായിരുന്നു സംഭവം. ജോ ബൈഡന്റെ ഡെലവെയര്‍ അവധിക്കാല ഹോമിന് സമീപിാണ് ഒരു ചെറിയ സ്വകാര്യ വിമാനം നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ തെറ്റായി പ്രവേശിച്ചത്. ഇതോടെ പ്രസിഡന്റിനെയും പ്രഥമ വനിതയെയും അവിടെ നിന്ന് ഒഴിപ്പിച്ചെന്ന് വൈറ്റ് ഹൗസും രഹസ്യാന്വേഷണ വിഭാഗവും അറിയിച്ചു.

ജോ ബൈഡനോ കുടുംബത്തിനോ ഭീഷണിയില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ബൈഡനും കുടുംബവും അവരുടെ റെഹോബോത്ത് ബീച്ചിലെ വീട്ടിലേക്ക് മടങ്ങി. സംരക്ഷിത മേഖലയില്‍ അബദ്ധത്തില്‍ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ വിമാനം നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ നിന്ന് മാറ്റുകയും ചെയ്തു. പ്രാഥമിക അന്വേഷണമനുസരിച്ച് ശരിയായ റേഡിയോ ചാനലില്‍ ഇല്ലാത്തതും വിമാന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതുമാണ് നിയന്ത്രിത വ്യോമാതിര്‍ത്തി ലംഘിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

പൈലറ്റുമായി ചര്‍ച്ച നടത്തുമെന്ന് എയര്‍ലൈന്‍ ഏജന്‍സി അറിയിച്ചു. അതേസമയം റെഹോബോത്ത് ബീച്ച് ഫയര്‍ സ്റ്റേഷനിലേക്ക് ബൈഡന്‍ മോട്ടോര്‍ കേഡിംഗ് നടത്തുന്നത് താന്‍ കണ്ടതായി ഒരു സിബിഎസ് ന്യൂസ് റിപ്പോര്‍ട്ടര്‍ ട്വിറ്ററില്‍ കുറിച്ചു. ഈ സമയം പ്രസിഡന്റിനൊപ്പം യാത്ര ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാരുടെ സംഘം വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നില്ല. വാഷിംഗ്ടണിന് പുറത്തുള്ള പ്രസിഡന്റിന്റെ യാത്രകള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് പ്രാക്ടീസ് പോലെ, ബൈഡന്റെ ബീച്ച് ടൗണ്‍ സന്ദര്‍ശനത്തിന് മുമ്പ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഈ ആഴ്ച ആദ്യം ഫ്‌ലൈറ്റ് നിയന്ത്രണങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

നിയന്ത്രണങ്ങളില്‍ 10-മൈല്‍ റേഡിയസ് നോ-ഫ്‌ലൈ സോണും 30-മൈല്‍ നിയന്ത്രിത മേഖലയും ഉള്‍പ്പെടുന്നു. പറന്നുയരുന്നതിന് മുമ്പ് പൈലറ്റുമാര്‍ അവരുടെ റൂട്ടില്‍ ഫ്‌ലൈറ്റ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന് ഫെഡറല്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആകസ്മികമായ വ്യോമാതിര്‍ത്തി ലംഘനങ്ങള്‍, താല്‍ക്കാലിക നിയന്ത്രിത മേഖലകള്‍ക്ക് ചുറ്റും ഉണ്ടാകുന്നത് സാധാരണമാണ്.

പ്രസിഡന്റിന് ചുറ്റുമുള്ള ഫ്‌ലൈറ്റ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ഏത് വിമാനങ്ങളെയും തടയാന്‍ യു എസ് മിലിട്ടറി ജെറ്റുകളും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററുകളും പലപ്പോഴും ഉപയോഗിക്കാറുണ്ട്. തടഞ്ഞ വിമാനങ്ങള്‍ അടുത്തുള്ള എയര്‍ഫീല്‍ഡിലേക്ക് വഴിതിരിച്ചുവിടുകയാണ് ചെയ്യാറുള്ളത്. അവിടെ എയര്‍ക്രൂകളെ നിയമപാലകര്‍ ചോദ്യം ചെയ്യുകയും ചെയ്യുകയും ശേഷം ക്രിമിനല്‍ അല്ലെങ്കില്‍ സിവില്‍ പിഴകള്‍ ചുമത്തുകയും ചെയ്യും.