കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ വന്ദനാദാസിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതിയായ എസ്.സന്ദീപ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണുളളത്. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള സെല്ലിലാണ് സന്ദീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ നിരീക്ഷണത്തിനായി വാര്‍ഡന്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി പത്തു മണിയോടെയാണ് സന്ദീപിനെ പോലീസ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയത്. ജയിലിലെ ഡോക്ടറും പരിശോധന നടത്തിയശേഷം രാത്രി ജയില്‍ ഭക്ഷണം നല്‍കി. ഷുഗറിന്റെ അളവ് കുറവായതിനാല്‍ മരുന്നും ബ്രെഡും കൊടുത്തു. ആരോ കൊല്ലാന്‍ ശ്രമിക്കുന്നതായി സന്ദീപ് ഇടയ്ക്കിടെ നിലവിളിച്ചതായി ജയില്‍ അധികൃതര്‍ പറഞ്ഞു. പ്രതി അക്രമാസക്തനായതിനാല്‍ തന്നെ സെല്ലില്‍ സഹതടവുകാരായി ആരെയും ഇട്ടിട്ടില്ല. ജയിലിലെ നാല് സുരക്ഷാ സെല്ലുകളില്‍ ഒന്നാണ് സന്ദീപിനായി മാറ്റിവെച്ചത്.

അതേസമയം കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് കോട്ടയം മുട്ടച്ചിറ പട്ടാളമുക്കിലെ വീട്ടിലാണ് ചടങ്ങുകള്‍ നടക്കുക. മൃദദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണിപ്പോള്‍. വന്ദനയുടെ മരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാതെ ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്നും തുടരുകയാണ്.