• ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: യുഎസിലെ സര്‍വകലാശാലകളില്‍ പലസ്തീന് അനുകൂലമായി നടന്ന റാലി രാജ്യത്ത് വലിയ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. വെറുപ്പിന്റെ വലിയ വിത്തുകള്‍ വിതച്ചു കൊണ്ടുനടന്ന റാലിയില്‍ യുഎസിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജ അടക്കം അറസ്റ്റിലായിരുന്നു. അതിനിടെയാണ് വിഷയത്തില്‍ പ്രസ്താവനയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന് കരുതപ്പെടുന്ന ഡൊണാള്‍ഡ് ട്രംപ് പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്.

2017ല്‍ വിര്‍ജീനിയയിലെ ഷാര്‍ലറ്റ്‌സ്‌വില്ലില്‍ നടന്ന കുപ്രസിദ്ധമായ വെള്ളക്കാരുടെ ദേശീയ റാലിയെക്കാള്‍ വെറുപ്പുളവാക്കുന്നതാണ് യൂണിവേഴ്‌സിറ്റി കാമ്പസുകളിലെ പലസ്തീന്‍ അനുകൂല പ്രതിഷേധമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് കൂടിയായ ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ന്യൂയോര്‍ക്കിലെ തന്റെ ഹഷ്മണി വിചാരണ വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ്, ഗാസയിലെ യുദ്ധത്തിനെതിരായ വിദ്യാര്‍ത്ഥി പ്രകടനങ്ങളില്‍ പ്രകടിപ്പിക്കുന്ന വിദ്വേഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുണൈറ്റ് ദ റൈറ്റ് റാലി ‘ഒന്നുമല്ല’ എന്ന് ചൂണ്ടിക്കാട്ടിയത്.

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പോണ്‍ ചലച്ചിത്രതാരം സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയെന്നാരോപിച്ച് വിചാരണ നേരിടുന്ന മാന്‍ഹട്ടന്‍ കോടതിമുറിയില്‍ നിന്ന് പുറത്തിറങ്ങിയായിരുന്നു ട്രംപിന്റെ പ്രതികരണം. ‘ഷാര്‍ലറ്റ്‌സ്‌വില്ലെ പീനട്ട് ആയിരുന്നു. അത് താരതമ്യപ്പെടുത്തുമ്പോള്‍ ഒന്നുമല്ല. നിങ്ങള്‍ക്ക് ഇവിടെ കാണാന്‍ കഴിയുന്ന വെറുപ്പായിരുന്നില്ല ആ രോഷം. ഇത് ഭയങ്കര വിദ്വേഷമാണ്.’ ട്രംപ് പറഞ്ഞു.

രാജ്യത്തുടനീളം നടക്കുന്ന കലാപങ്ങളെയും ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങളെയും അപേക്ഷിച്ച് ഷാര്‍ലറ്റ്‌സ്‌വില്ലെ റാലി ‘നിസാരം’ ആയിരുന്നുവെന്ന് വിശേഷിപ്പിച്ച് ട്രൂത്ത് സോഷ്യല്‍ അദ്ദേഹം കുറിപ്പിട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു പരസ്യ പ്രതികരണം. അതേസമയം ട്രംപിന്റെ പരാമര്‍ശത്തിനെതിരേ വൈറ്റ് ഹൗസ് അദ്ദേഹത്തെ വിമര്‍ശിച്ചു രംഗത്തുവന്നു. ‘ഷാര്‍ലറ്റ്‌സ്‌വില്ലില്‍ സെമിറ്റിക് വിരുദ്ധ, വെള്ള മേധാവിത്വ വിഷം വമിപ്പി്ചചത് കുറച്ചു കാട്ടുന്നത് വെറുപ്പുളവാക്കുന്നതും ഭിന്നിപ്പിക്കുന്നതുമാണ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ആന്‍ഡ്രൂ ബേറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞത്.

നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, 2020 ല്‍ ട്രംപിനെതിരെ മത്സരിക്കാനുള്ള തീരുമാനത്തിലെ നിര്‍ണായക നിമിഷമായി ഷാര്‍ലറ്റ്‌സ്‌വില്ലെ റാലി ചൂണ്ടിക്കാട്ടിയിരുന്നു. 2017 ഓഗസ്റ്റ് 11 ന് നടന്ന പരിപാടിയില്‍, കോണ്‍ഫെഡറേറ്റ് ജനറല്‍ റോബര്‍ട്ട് ഇ ലീയുടെ പ്രതിമ നീക്കം ചെയ്തതിനെതിരെ വെളുത്ത മേധാവിത്വവാദികള്‍ അണിനിരക്കുകയായിരുന്നു. ‘നിങ്ങള്‍ ഞങ്ങളെ മാറ്റിസ്ഥാപിക്കില്ല!’ , ‘യഹൂദന്മാര്‍ ഞങ്ങള്‍ക്ക് പകരമാവില്ല!’
ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു.

തൊട്ടടുത്ത ദിവസം സ്വയം പ്രഖ്യാപിത വെള്ള മേധാവിത്വക്കാരന്‍ ജെയിംസ് അലക്‌സ് ഫീല്‍ഡ്‌സ് ജൂനിയര്‍, റാലി നടക്കുന്ന സ്ഥലത്തിനടുത്തുള്ള പ്രതിഷേധക്കാരുടെ ജനക്കൂട്ടത്തിലേക്ക് ബോധപൂര്‍വം തന്റെ കാര്‍ ഓടിച്ച് ഹീതര്‍ ഹെയറിര്‍ എന്നയാളെ കൊലപ്പെടുത്തി. ‘ഇരുപക്ഷവും’ കുറ്റക്കാരാണെന്ന് പറഞ്ഞതുള്‍പ്പെടെ, റാലിയോടുള്ള ട്രംപിന്റെ പ്രതികരണം, അദ്ദേഹത്തിന്റെ പ്രസിഡന്റ് കാലാവധിയലെ ഏറ്റവും വിവാദപരമായ നിമിഷങ്ങളിലൊന്നായി മാറുകയും ചെയ്തു.

ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി, യേല്‍, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി (NYU), കൊളംബിയ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് എന്നിവയുള്‍പ്പെടെ ഒന്നിലധികം യുഎസ് യൂണിവേഴ്‌സിറ്റികളെ ഇളക്കിമറിച്ച പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പക്ഷേ അതുമായ താരതമ്യപ്പെടുത്താവുന്ന അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ജൂത വിദ്യാര്‍ത്ഥികള്‍ക്കെതിരായ പീഡനത്തിന്റെയും ഭീഷണിയുടെയും റിപ്പോര്‍ട്ടുകള്‍ ബൈഡന്‍, ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരെ റാലികളെ അപലപിക്കാന്‍ പ്രേരിപ്പിച്ചു.

കഴിഞ്ഞ വാരാന്ത്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫൂട്ടേജുകളില്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളോട് ‘പോളണ്ടിലേക്ക് മടങ്ങിപ്പോകൂ’ എന്നും ഒക്ടോബര്‍ 7 ആയിരിക്കും ‘നിങ്ങള്‍ക്കായി എല്ലാ ദിവസവും’ എന്നും പറയുന്നത് പുറത്തുവന്നിരുന്നു. ഇസ്രായേലിനെതിരെ ഹമാസിന്റെ ആക്രമണില്‍ 1,139 പേര്‍ കൊല്ലപ്പെട്ട തീയതിയാണ് ഒക്ടോബര്‍ 7. ‘നിങ്ങള്‍ക്ക് സംസ്‌കാരമില്ല’, ‘നിങ്ങള്‍ ചെയ്യുന്നത് കോളനിവല്‍ക്കരണം’, ‘യൂറോപ്പിലേക്ക് മടങ്ങുക’ എന്നിങ്ങനെ യഹൂദ വിദ്യാര്‍ത്ഥികളോട് പ്രതിഷേധക്കാര്‍ പറഞ്ഞതായി കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.