ഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു നടൻ ദീപക് പറമ്പോലും നടി അപർണാ ദാസും തമ്മിലുള്ള വിവാഹം. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും ഒന്നായത്. ഇതിന് പിന്നാലെ ഇരുവരും റിസപ്ഷനും സംഘടിപ്പിച്ചിരുന്നു.

2019-ൽ പുറത്തിറങ്ങിയ ‘മനോഹരം’ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇപ്പോഴിതാ ഇരുവരും പ്രണയം തുറന്നുപറയുന്നതിന് മുൻപേ അത് കണ്ടുപിടിച്ച കഥ പറയുകയാണ് വിനീത് ശ്രീനിവാസൻ. ‘മനോഹരം’ എന്ന ചിത്രത്തിൽ വിനീതായിരുന്നു നായകൻ. 

‘മനോഹരത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും തമ്മിൽ ഇഷ്ടത്തിലാകുന്നത്. അതിന്റെ പ്രൊമോഷന് പോകുന്ന സമയത്താണ് ഞാനും ബേസിലും കൂടി ഇത് പിടിക്കുന്നത്. അതുവരെ അപർണ നമ്മളോട് കാര്യം പറഞ്ഞിട്ടില്ല. ദീപക്കും പറഞ്ഞിരുന്നില്ല. പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിന് പോയപ്പോൾ നമുക്കൊരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി. നമ്മൾ പിടിച്ചു. സൂചനകൾ കിട്ടുമല്ലോ. നാട്ടുകാര് ക്രിഞ്ച് എന്നൊക്കെ പറഞ്ഞാലും ഇതിൽ എനിക്കൊരു സ്കിൽ ഉണ്ട്.’- ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞു.

വിനീതുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന നടനാണ് ദീപക്. വിനീത് സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് വെള്ളിത്തിരയിൽ അരങ്ങേറിയത്. പിന്നീട് തട്ടത്തിൻ മറയത്ത്, തിര, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു.