കള്ളവോട്ട് പരാതി വ്യാപകം. വിവിധ ജില്ലകളിൽ നിന്ന് 16 പരാതികൾ ഉയർന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലാണ് കൂടുതൽ പരാതികൾ ഉയർന്നത്. ജില്ലയിൽ ഏഴിടത്ത് കള്ളവോട്ട് നടന്നെന്നാണ് പരാതി. ഇവിടെ രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ട് പരാതി ഉയ‍ർന്നിരുന്നു. ആനപ്പാറയിൽ ഹസ്സൻ ബീവിയുടെയും അടൂർ മണക്കാലയിൽ ലാലി യോഹന്നാന്റെയും വോട്ടുകൾ മറ്റാരോ ചെയ്തു. തിരുവല്ല, ഓമല്ലൂർ, അടൂർ, വെട്ടൂർ എന്നിവിടങ്ങളില്‍ നിന്നും കള്ളവോട്ട് പരാതി ഉയർന്നു. സംഭവത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി പ്രതിഷേധിച്ചു.

എറണാകുളം മണ്ഡലത്തിൽ കള്ളവോട്ട് നടന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്കൂളിലെ ബൂത്ത് നമ്പർ 132ലാണ് സംഭവം. ഇവിടെ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശി തങ്കമ്മയുടെ വോട്ടാണ് മറ്റാരോ ചെയ്തെന്ന ആരോപണം ഉയർന്നത്.  തന്റെ വോട്ട് മറ്റാരോ ചെയ്തെന്നും ഇതു ചെയ്തത് ആരാണെന്ന് കണ്ടെത്തണമെന്നും തങ്കമ്മ പറഞ്ഞു. സിസിടിവി ഉള്ളതിനാൽ ആരാണ് കള്ളവോട്ട് ചെയ്തത് എന്ന് കണ്ടെത്താൻ പറ്റിയേക്കും എന്നാണ് പ്രതീക്ഷ. പിന്നീട് തങ്കമ്മയ്ക്ക് പകരം വോട്ടു ചെയ്യാനുള്ള സംവിധാനം ശരിയാക്കി നൽകാമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. 

ഇതിനിടെ ഇടുക്കിയിൽ ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ച രണ്ട് പേരെ പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞു. ചെമ്മണ്ണാറിലും കുമ്പപ്പാറയിലുമാണ് തമിഴ്നാട്ടിൽ വോട്ട് ചെയ്തവർ ഇവിടെയും വോട്ട് ചെയ്യാൻ ശ്രമിച്ചത്. ഇവർക്കെതിരെ കേസെടുത്തില്ല. ഇരുവരെയും മടക്കി അയച്ചു. ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈൽ സ്വദേശി ബിജുവിനെയാണ് യുഡിഎഫ് ബൂത്ത്‌ ഏജന്റ്മാർ പിടികൂടിയത്. കരിമണ്ണൂരിൽ  ജെസ്സി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടുകൾ മറ്റാരോ ചെയ്തു. തിരുവനന്തപുരത്തും കള്ളവോട്ട് പരാതികൾ ഉയർന്നു. ആറ്റിങ്ങൽ മണ്ഡലത്തിലും പെരിന്തല്‍മണ്ണയിലും തൃശൂർ‌ ഒല്ലൂരും ചെമ്മണ്ണാറിലും കുമ്പപ്പാറയിലും ഇരട്ടവോട്ടിന് ശ്രമം നടന്നു.