കൊൽക്കത്ത: ഈഡൻ ഗാർഡൻസ് വെള്ളിയാഴ്ച ബാറ്റർമാരുടെ പൂരപ്പറമ്പായിരുന്നു. ആദ്യം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉഗ്ര താണ്ഡവം. പിന്നീട് പഞ്ചാബിന്റെ അത്യുജ്ജ്വലമായ മറുപടി. ടി20 ക്രിക്കറ്റിൽ ചേസിങ് അടിസ്ഥാനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയത്തിന്റെ റെക്കോഡ് അങ്ങനെ പഞ്ചാബ് സ്വന്തമാക്കി. അതും എട്ട് ബോളുകൾ ബാക്കിനിൽക്കേ. ഐ.പി.എലിലെ റെക്കോഡും ഇതുതന്നെ. സുനിൽ നരെയ്നും ഫിൽ സാൾട്ടും കൊളുത്തിയ തീ, ബെയർസ്റ്റോയും പ്രഭ്സിമ്രാൻ സിങ്ങും ആളിക്കത്തിച്ചതോടെ ഈഡൻ ഗാർഡൻസ് അക്ഷരാർഥത്തിൽ കത്തിജ്ജ്വലിച്ചു. സ്കോർ- കൊൽക്കത്ത: 261/6 (20 ഓവർ). പഞ്ചാബ്: 262/2 (18.4 ഓവർ).

ജോണി ബെയർസ്റ്റോയുടെ വെടിക്കെട്ട് സെഞ്ചുറിയും (48 പന്തിൽ 108) പ്രഭ്സിമ്രാന്റെ തകർപ്പൻ ഓപ്പണിങ്ങും (20 പന്തിൽ 50) അവസാന ഓവറുകളിലെ ശശാങ്ക് സിങ്ങിന്റെ സിക്സ് പൂരവും (28 പന്തിൽ 68) ആണ് പഞ്ചാബിനെ കളി ജയിപ്പിച്ചത്. നേരത്തേ കൊൽക്കത്തയ്ക്കായി ഓപ്പണർമാരായ സുനിൽ നരെയ്നും (32 പന്തിൽ 71) ഫിൽ സാൾട്ടും (37 പന്തിൽ 75) മിന്നൽ ഫോം നടത്തിയെങ്കിലും ടീമിന്റെ ജയത്തിലേക്ക് നയിച്ചില്ല. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്കായി മിന്നും തുടക്കമാണ് സുനിൽ നരെയ്നും ഫിൽ സാൾട്ടും നൽകിയത്. ഇരുവരും ചേർന്ന് പത്തോവറിൽ 138 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 11-ാം ഓവറിലാണ് കൊൽക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. അർധ സെഞ്ചുറികളുമായി നരെയ്നും സാൾട്ടും മടങ്ങിയതോടെ പിന്നീട് വന്ന ബാറ്റർമാർക്ക് കാര്യമായ പണികളൊന്നും എടുക്കേണ്ടിവന്നില്ല. ഫലത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 261 റൺസ്.

യഥാർഥ ബാറ്റിങ് പൂരം പക്ഷേ, കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കൊൽക്കത്ത ഉയർത്തിയ റൺമലയിലേക്ക് ഒരു സങ്കോചവുമില്ലാതെ ബാറ്റുവീശുന്ന പഞ്ചാബ് ബാറ്റർമാരെയാണ് രണ്ടാം പകുതിയിൽ ക്രീസിൽ കാണാനായത്. ജോണി ബെയർസ്റ്റോയും പ്രഭ്സിമ്രാൻ സിങ്ങും വമ്പനടികളോടെ കളം വാണു. ഹർഷിത് റാണയെറിഞ്ഞ രണ്ടാം ഓവറിൽത്തന്നെ പ്രഭ്സിമ്രാന്റെ വക രണ്ട് സിക്സ്. അടുത്ത ഓവർ എറിഞ്ഞ ചമീരയ്ക്ക് കിട്ടിയത് രണ്ടു വീതം സിക്സും ഫോറും. 23 റൺസാണ് ഈ ഓവറിൽ ചമീര വഴങ്ങിയത്. മൂന്നാം ഓവറായപ്പോഴേക്ക് പ്രഭ്സിമ്രാന്റെ സ്കോർ 13 പന്തിൽ 36. 

ഈ സമയത്തൊക്കെ മറുവശത്ത് ബെയർസ്റ്റോ കരുതലോടെ കളിച്ചു. ഇതിനിടെ 18 പന്തുകളിൽനിന്ന് പ്രഭ്സിമ്രാന് അർധ സെഞ്ചുറി. പഞ്ചാബിനുവേണ്ടി അതിവേഗം സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായി ഇതോടെ പ്രഭ്സിമ്രാൻ മാറി. പവർ പ്ലേയിലെ അവസാന ഓവർ മുതൽ ബെയർസ്റ്റോയും തനിസ്വരൂപം കാണിച്ചുതുടങ്ങി. ഓവറിൽ രണ്ടു സിക്സും മൂന്ന് ഫോറുമായി 24 റൺസാണ് അനുകുൽ റോയ് വഴങ്ങിയത്. ഓവറിലെ അവസാന പന്തിൽ പക്ഷേ, പ്രഭ്സിമ്രാൻ മടങ്ങി. റണ്ണൗട്ടായി മടങ്ങുമ്പോൾ 20 പന്തിൽ 54 റൺസായിരുന്നു സമ്പാദ്യം. അഞ്ച് സിക്സും നാല് ഫോറും ചേർന്ന ഇന്നിങ്സ്.

പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 93 റൺസാണ് പഞ്ചാബ് നേടിയത്. ഇതോടെത്തന്നെ കൊൽക്കത്തയ്ക്ക് കടുപ്പമായി കാര്യങ്ങൾ. പിന്നീട് റിലീ റൊസോയും ബെയർസ്റ്റോയും ചേർന്നായി ബാറ്റിങ്. ഈ കൂട്ടുകെട്ട് ടീം സ്കോർ 178 വരെയെത്തി. ഒൻപതാം ഓവറിൽ ചക്രവർത്തിയെ സിക്സിനു പായിച്ച് ബെയർസ്റ്റോ അർധ സെഞ്ചുറി കുറിച്ചു. 23 പന്തുകളിൽനിന്നായിരുന്നു നേട്ടം. 10 പന്തിൽ 12 റൺസ് എന്ന നിലയിലായിരുന്ന ബെയർസ്റ്റോ പിന്നീടുള്ള 13 പന്തുകൾ നേരിട്ട് അർധസെഞ്ചുറിയിലെത്തി. 

പത്തോവറിൽ പഞ്ചാബ് നേടിയത് 132 റൺസ്. ആന്ദ്രെ റസലെറിഞ്ഞ 12-ാം ഓവറിൽ മൂന്ന് സിക്സ് സഹിതം 24 റൺസാണ് പഞ്ചാബ് അടിച്ചുകൂട്ടിയത്. ഇതിനിടെ 13-ാം ഓവറിൽ റൂസോ ശ്രേയസ് അയ്യർക്ക് ക്യാച്ച് നൽകി മടങ്ങി. 16 പന്തിൽ 26 റൺസായിരുന്നു സമ്പാദ്യം. പിന്നീടെത്തിയ ശശാങ്ക് സിങ്ങ്, ബെയർസ്റ്റോയ്ക്കൊപ്പം ചേർന്ന് ടീമിനെ വിജയതീരത്തെത്തിച്ചു. 

പഞ്ചാബ് 15-ാം ഓവറിൽത്തന്നെ 200 കടന്നു. 16-ാം ഓവറിൽ ബെയർസ്റ്റോയുടെ സെഞ്ചുറിയും പിറന്നു. കേവലം 45 പന്തുകളിൽനിന്നാണ് നേട്ടം. അർധസെഞ്ചുറിക്ക് വേണ്ടിവന്നത് 23 പന്തുകളെങ്കിൽ സെഞ്ചുറിയിലേക്കെത്താൻ പിന്നീട് 22 പന്തുകളേ എടുത്തുള്ളൂ. ഇതോടെ ഐ.പി.എലിൽ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി ബെയർസ്റ്റോ സ്വന്തം പേരിൽ ചേർത്തു. 38 പന്തുകളിൽ സെഞ്ചുറി നേടിയ ഡേവിഡ് മില്ലറുടെ പേരിലാണ് റെക്കോഡ്. 2020-ൽ 45 പന്തുകളിൽ സെഞ്ചുറി കുറിച്ച മായങ്ക് അഗർവാളും ബെയർസ്റ്റോയ്ക്കൊപ്പമുണ്ട്. 

ശശാങ്ക് വന്നതുമുതൽത്തന്നെ തകർപ്പനടികൾ തുടങ്ങിയിരുന്നു. ക്രീസിൽ സിക്സുകളെക്കൊണ്ട് ആറാട്ട് നടത്തുകയായിരുന്നു ശശാങ്ക്. 14-ാം ഓവറിൽ ചക്രവർത്തിക്കെതിരേ രണ്ടും 17-ാം ഓവറിൽ ചമീരയ്ക്കെതിരേ മൂന്നും 18-ാം ഓവറിൽ ഹർഷിത് റാണയ്ക്കെതിരേ രണ്ടും 19-ാം ഓവറിൽ രമൺദീപിനെതിരേ ഒന്നും സിക്സുകൾ ഉൾപ്പെടെ നേടിയത് എട്ട് സിക്സുകൾ. ടീമിന്റെ വിജയ റൺ കുറിക്കുമ്പോൾ 25 പന്തിൽ 60 റൺസായിരുന്നു ശശാങ്കിന്റെ സമ്പാദ്യം. 47 പന്തിൽ 107 റൺസുമായി ബെയർസ്റ്റോയും പുറത്താവാതെ നിന്നു. ഒൻപത് സിക്സും എട്ട് ഫോറും ചേർന്നതാണ് ബെയർസ്റ്റോയുടെ ഇന്നിങ്സ്. ഒരു ടി20 മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ പിറന്ന റെക്കോഡും ഈ മത്സരത്തിന് തന്നെ-42 സിക്സ്.

കൊൽക്കത്തയുടെ ഇന്നിങ്സ്

പഞ്ചാബ് കിങ്സിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത, ആദ്യ ഓവർ മുതൽ തന്നെ ഉഗ്രസ്വഭാവം പൂണ്ടു. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 261 റൺസാണ് നേടിയത്. ഓപ്പണർമാരായ ഫിൽ സാൾട്ടിന്റെയും സുനിൽ നരെയ്ന്റെയും കിടിലൻ ഇന്നിങ്സാണ് കൊൽക്കത്തൻ സ്കോറിന്റെ നെടുംതൂൺ. 

ഓപ്പണർമാരായ ഫിൽ സാൾട്ടും സുനിൽ നരെയ്നും ചേർന്ന് കൊൽക്കത്തയ്ക്ക് കിടിലൻ തുടക്കമാണ് നൽകിയത്. പത്തോവർ കഴിയേണ്ടി വന്നു, ഈ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാൻ. ആദ്യ പത്തോവറിൽ ഇരുവരും ചേർന്ന് 137 റൺസ് അടിച്ചെടുത്തു. ഇരുവരും പഞ്ചാബ് ബൗളർമാരെ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു. 

മൂന്നാം ഓവറെറിഞ്ഞ ഹർഷൽ പട്ടേലിനെ ഫിൽ സാൾട്ട് നന്നായിത്തന്നെ കൈകാര്യം ചെയ്തു. രണ്ട് സിക്സും ഒരു ബൗണ്ടറിയും സഹിതം 18 റൺസാണ് ഹർഷൽ വഴങ്ങിയത്. അടുത്ത ഓവറെറിഞ്ഞ കഗിസോ റബാദയെ നരെയ്നും നിലംപരിശാക്കി. ഈ ഓവറിൽ ഒരു സിക്സും മൂന്ന് ഫോറും സഹിതം നേടിയത് 21 റൺസ്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടപ്പെടാതെ കൊൽക്കത്ത 76 റൺസ് നേടി. 

എട്ടാം ഓവറിൽ വീണ്ടുമെത്തിയ റബാദയെ സുനിലും സാൾട്ടും ചേർന്ന് വീണ്ടും ആക്രമിച്ചു. വഴങ്ങിയത് 22 റൺസ്. ഇതിനിടെ നരെയ്നാണ് ആദ്യം അർധ സെഞ്ചുറി കുറിച്ചത്. 23 പന്തിലാണ് ഫിഫ്റ്റി. ഒൻപതാം ഓവറിൽ സാൾട്ടും അർധ സെഞ്ചുറി കണ്ടെത്തി. 11-ാം ഓവറിലാണ് പഞ്ചാബിന് സുനിൽ – സാൾട്ട് സഖ്യത്തെ പൊളിക്കാൻ കഴിഞ്ഞത്. 

രാഹുൽ ചാഹറിന്റെ പന്തിൽ ബെയർസ്റ്റോയ്ക്ക് ക്യാച്ച് നൽകി നരെയ്ൻ ആദ്യം മടങ്ങി (32 പന്തിൽ 71). നാല് സിക്സും ഒൻപത് ഫോറും ഉൾപ്പെട്ട ഇന്നിങ്സ്. തുടർന്ന് വെങ്കടേഷ് അയ്യരും സാൾട്ടും ചേർന്നായി ബാറ്റിങ്. 13-ാം ഓവറിൽ സാൾട്ടും മടങ്ങി. സാം കറനെ തുടർച്ചയായി രണ്ട് സിക്സടിച്ചശേഷമാണ് പുറത്തായത്. 37 പന്തിൽ ആറുവീതം സിക്സും ഫോറും സഹിതം 75 റൺസ് നേടി. 

പിന്നീട് വന്ന ആന്ദ്രെ റസൽ 12 പന്തിൽ 24 റൺസ് നേടി പുറത്തായി. അർഷ്ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്. 19-ാം ഓവറിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും മടങ്ങി. 10 പന്തിൽ 28 റൺസെടുത്ത അയ്യരുടെ വിക്കറ്റും അർഷ്ദീപിന് തന്നെ. 18-ാം ഓവറിൽ അർഷ്ദീപിനെ അയ്യർ മൂന്ന് സിക്സും ഒരു ഫോറും പറത്തി. ഓവറിൽ ലഭിച്ചത് 24 റൺസ്. 

പിന്നീടെത്തിയ റിങ്കു സിങ് അവസാന ഓവറിൽ മടങ്ങി (അഞ്ച് റൺസ്). കൊൽക്കത്തയുടെ ഇന്നിങ്സ് അവസാനിക്കുംവരെ വെങ്കടേഷ് അയ്യർ ഒരുവശത്ത് പുറത്താവാതെ നിലയുറപ്പിച്ചു. 22 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 39 റൺസ് നേടി. പുറത്താവാതെ നിന്ന രമൺദീപ് സിങ് മൂന്ന് പന്തിൽ ആറ് റൺസെടുത്തു. 

പഞ്ചാബിനുവേണ്ടി അർഷ്ദീപ് സിങ് നാലോവറിൽ 45 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ക്യാപ്റ്റൻ സാം കറൻ, ഹർഷൽ പട്ടേൽ, രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റ് നേടി. നാലോവറിൽ സാം കറൻ വഴങ്ങിയത് 60 റൺസ്. റബാദ മൂന്നോവറിൽ 52 റൺസും ഹർഷൽ പട്ടേൽ മൂന്നോവറിൽ 45 റൺസും വഴങ്ങി. നാലോവർ എറിഞ്ഞ രാഹുൽ ചാഹർ 33 റൺസാണ് വഴങ്ങിയത്.