തിരുവനന്തപുരം: വോട്ടെടുപ്പ് കഴിയുമ്പോള്‍ സംസ്ഥാനത്ത് കൂട്ടിയും കിഴിച്ചും മുന്നണികള്‍. 16 മുതല്‍ 20 വരെ സീറ്റുകളാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. ആറിനും പത്തിനുമിടയില്‍ സീറ്റുകള്‍ ലഭിച്ചേക്കാമെന്നാണ് ഇടതു ക്യാമ്പിന്റെ വിലയിരുത്തല്‍. അക്കൗണ്ട് തുറക്കാനായില്ലെങ്കിലും വോട്ട് ഷെയര്‍ കുത്തനെ കൂട്ടാനാകുമെന്ന് ബിജെപി ഉറച്ചു വിശ്വസിക്കുന്നു. വോട്ടെടുപ്പിന് പിന്നാലെ താഴേത്തട്ടില്‍ നിന്നുളള കണക്കുകള്‍ ശേഖരിച്ച് ലഭിക്കാവുന്ന സീറ്റുകളുടെ കാര്യത്തില്‍ പ്രതീക്ഷകള്‍ നെയ്യുകയാണ് മുന്നണികള്‍.

ബൂത്ത് തലത്തിലുളള കണക്കുകള്‍ വെച്ചാണ് മുന്നണികളുടെ കൂട്ടിക്കിഴിക്കലുകള്‍. ട്വന്റി ട്വന്റിയെന്ന് ആവര്‍ത്തിക്കുമ്പോഴും നാലു സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന് ആത്മവിശ്വാസക്കുറവുണ്ട്. ആറ്റിങ്ങലും മാവേലിക്കരയും തൃശ്ശൂരും കണ്ണൂരും കടുത്ത മത്സരമാണ് നേരിട്ടതെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നു. എങ്കിലും നാലിടത്തും നേരിയ മുന്‍തൂക്കമുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

ആറു സീറ്റുകളാണ് ഇടതുമുന്നണി ഉറപ്പിക്കുന്നതെങ്കിലും അത് പത്തു വരെയാകാമെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ അനുകൂലമാണെന്നാണ് ഇടത് ക്യാമ്പിന്റെ കണക്ക് കൂട്ടല്‍. പല മണ്ഡലങ്ങളിലും അത്തരം വോട്ടുകള്‍ യുഡിഎഫിനും ഇടതു മുന്നണിക്കുമായി വിഭജിച്ചു പോകുമെന്നും നേതൃത്വം വിലയിരുത്തുന്നു. താഴേത്തട്ടില്‍ നിന്നുള്ള കണക്കുകള്‍ ശേഖരിച്ച നേതൃത്വം ഇന്ന് അതിന്റെ വിശകലനങ്ങളിലേക്ക് കടക്കും.

അക്കൗണ്ട് തുറക്കുമെന്ന് ആവര്‍ത്തിക്കുന്ന ബിജെപി നേതൃത്വം തിരുവനന്തപുരത്തോ തൃശ്ശൂരോ ആണ് അതിന് സാധ്യത കാണുന്നത്. അത്തരം ഇടങ്ങളില്‍ ന്യൂനപക്ഷ വോട്ടുകളുടെ കൃത്യമായ ഏകീകരണം ബിജെപിക്കെതിരായി നടന്നുവെന്നും അവര്‍ കാണുന്നുണ്ട്. ക്രോസ് വോട്ടിങ് സംശയിക്കുന്നുണ്ട്. പോളിങിലെ വര്‍ധനവ് മുന്നണികള്‍ക്ക് ഒരുപോലെ പ്രതീക്ഷയും ഒപ്പം ആശങ്കയും സമ്മാനിക്കുന്നതാണ്.