ന്യൂഡൽഹി: വംശീയകലാപം നടന്ന മണിപ്പൂരിൽ വ്യാപക മനുഷ്യാവകാശ ലംഘനം നടന്നതായി കഴിഞ്ഞദിവസം പുറത്തുവിട്ട അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ വാർഷിക റിപ്പോർട്ടിനെതിരെ പ്രതികരിച്ച് ഇന്ത്യ.

അങ്ങേയറ്റം പക്ഷപാതപരമായ റിപ്പോർട്ടിൽ രാജ്യത്തെക്കുറിച്ചുള്ള ധാരണയില്ലായ്മയാണ് നിഴലിക്കുന്നതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റിപ്പോർട്ട് ഇന്ത്യ മുഖവിലക്കെടുക്കുന്നില്ലെന്നും യു.എസും അതുപോലെ കരുതണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വംശീയ കലാപം അവസാനിപ്പിക്കാൻ സർക്കാർ നടപടിയും സഹായവും വൈകുന്നതിൽ മനുഷ്യാവകാശ സംഘടനകളുടെയും ന്യൂനപക്ഷ വിഭാഗ രാഷ്ട്രീയ പാർട്ടികളുടെ വിമർശനവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെറ്റായ പ്രചാരണ തന്ത്രങ്ങളിലൂ​ടെ പൗരസമൂഹ സംഘടനകൾ, സിഖുകാരും മുസ്‍ലിംകളും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ, പ്രതിപക്ഷ പാർട്ടികൾ തുടങ്ങിയവയെ ചിലയവസരങ്ങളിൽ സുരക്ഷഭീഷണിയായി ചിത്രീകരിക്കാനും ശ്രമമുണ്ട്. 

ക്രമക്കേട് ആരോപിച്ച് ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫിസുകളിൽ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്, ഇതുമായി ബന്ധമില്ലാത്ത മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുത്തത്, 2002 ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ബി.ബി.സി തയാറാക്കിയ ഡോക്യുമെന്ററി രാജ്യത്ത് നിരോധിച്ചത് എന്നിവയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.