കോട്ടയം:‘വീടുകളിലും ബൂത്തിന് മുന്നിലിരുന്ന് സ്ളിപ്പ് കൊടുക്കാനുമൊക്കെ ഇക്കുറി ഞങ്ങളെപ്പോലെ പ്രായമുള്ളവരേ ഉള്ളൂ. നാട്ടിൽ പല വീട്ടിലും ചെറുപ്പക്കാരില്ല. പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോഴേ കാനഡയിലും യു.കെ.യിലേക്കുമൊക്കെ പോകുകയല്ലേ’-കോട്ടയം പെരുന്തുരുത്ത് പഴയപുരയിൽ 69-കാരൻ സി.കെ. ഫിലിപ്പ് പറയുന്നു. പെരുന്തുരുത്ത് വഴിവക്കിൽ പ്ളാസ്റ്റിക് കസേരയിൽ ഒരു മറപോലുമില്ലാതെയിരുന്ന് വാശിയോടെ സ്ളിപ്പുകൾ എഴുതി തയ്യാറാക്കുന്നു.

വോട്ട് ചെയ്യാനെത്തുന്നവർക്ക് സ്നേഹത്തോടെ കൈമാറുന്നു. പൊരിവെയിലത്തും വാടാതെയിരുന്ന് സുഹൃത്ത് വാരപ്പടവിൽ 62-കാരൻ വാവച്ചനും സഹായത്തിനുണ്ട്. ‘1977 മുതൽ തിരഞ്ഞടുപ്പ് കളത്തിലുണ്ട്. എന്നാൽ, ചെറുപ്പക്കാരെ ഇത്ര കാണാതെപോയ വർഷമുണ്ടായിട്ടില്ല. ഉള്ളവർക്കാകട്ടെ വോട്ട് ചെയ്യാൻ താത്പര്യവുമില്ല’ -കെ.എസ്.ആർ.ടി.സി.യിൽ ചാർജ്മാനായി റിട്ടയർ ചെയ്ത ഫിലിപ്പ് പറയുന്നു.

‘പണ്ട് ഒരു ബൂത്തിലേക്ക് 100 ഉച്ചയൂണ് പറഞ്ഞാൽപോലും തികയില്ല. ഇന്ന് 20 ഊണ് പറഞ്ഞിട്ട് പത്ത് പേരുപോലും ഉണ്ണാൻ ഇല്ലായിരുന്നു. അവരിൽ ചെറുപ്പക്കാർ ഒരാൾപോലും ഇല്ല’ ഫിലിപ്പ് പറയുന്നു.

യുവ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ താത്പര്യമില്ലെന്നത് വോട്ടിടങ്ങളിലൊക്കെ പകൽപോലെ സത്യമാകുമ്പോൾ പല കാര്യങ്ങളോടുമുള്ള അലസതയാണ് യുവാക്കൾ വോട്ടിങ്ങിനോടും കാണിക്കുന്നതെന്ന് ഇവർ പറയുന്നു. വോട്ട് ചെയ്യാൻ എത്തിയ യുവാക്കൾ എണ്ണത്തിൽ കുറവെന്ന തിരിച്ചറിവിൽ ഇവരെ ആകർഷിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ തുടക്കംമുതൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിരുന്നതാണ്.

എന്നാൽ, അവരിൽ പലരും ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിലായത് കമ്മിഷനെപ്പോലും അലോസരപ്പെടുത്തി. എന്നാൽ, വോട്ട് രേഖപ്പെടുത്തുന്ന സ്ത്രീകളുടെ ഉത്സാഹം എല്ലായിടത്തും കാണാമായിരുന്നു.

കുമരകം, കുടവെച്ചൂർ, വൈക്കം, മഞ്ചാടിക്കരി ഭാഗങ്ങളിൽ സ്ത്രീ മുന്നേറ്റം. അപൂർവം കന്നിക്കാരികളുമുണ്ട് ഒപ്പം.’അതൊക്കെ ഞങ്ങൾ പകർന്നുനൽകിയ ആവേശമാണ്. രക്തത്തിൽ അലിഞ്ഞുചേർന്ന സ്പിരിറ്റാണ് ഞങ്ങൾക്ക് രാഷ്ട്രീയം’ വെച്ചൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാൻ പെൺമക്കൾക്കൊപ്പമെത്തിയ തലയാഴം കല്ലിത്ര ഗിരിജാ സുരേഷ് പറയുന്നു.