അമേരിക്കൻ ആഡംബര ഫാഷൻ ബ്രാൻഡായ തോം ബ്രൗൺ ഇൻ‌കോർപ്പറേഷനെതിരായ ട്രേഡ്‌മാർക്ക് ലംഘന കേസിൽ സ്‌പോർട്‌സ്‌വെയർ ബ്രാൻഡായ അഡിഡാസിന് പരാജയം. തങ്ങളുടേതിന് സമാനമായ ലോഗോയാണ് തോം ബ്രൗൺ ഉപയോഗിക്കുന്നതെന്നായിരുന്നു അഡിഡാസിന്റെ ആരോപണം. നാല് വരികളാണ് തോം ബ്രൗൺ ഉപയോഗിക്കുന്നത്. അഡിഡാസിന്റെ ലോഗോയിലുള്ളത് മൂന്ന് വരകളും. 

7.8 മില്യൺ ഡോളറിലധികം നഷ്ടപരിഹാരം തോം ബ്രൗണിൽ നിന്നും ഈടാക്കാനായിരുന്നു അഡിഡാസ് ലക്ഷ്യമിട്ടത്. അതായത് ഏകദേശം 63 കോടി രൂപ. എന്നാൽ കോടതി വിധി അഡിഡാസിന് എതിരായിരുന്നു. 

ഇരു കമ്പനികളുടെ ലോഗോകൾ തമ്മിൽ സമയമില്ലെന്ന് വാദിച്ച തോം  ബ്രൗണിന്റെ നിയമസംഘം  രണ്ട് ബ്രാൻഡുകളും വ്യത്യസ്ത ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതായി ചൂണ്ടിക്കാട്ടി. തോം ബ്രൗൺ കമ്പനിക്ക് സ്‌പോർട്‌സ്‌വെയർ മേഖലയിൽ ആധ്യപത്യം ഇല്ല. 

രണ്ട് കമ്പനികളും തമ്മിലുള്ള തർക്കം 15 വർഷത്തിലേറെയായി തുടരുകയായിരുന്നു. 2007-ൽ, തോം ബ്രൗൺ ജാക്കറ്റുകളിൽ ത്രീ-സ്ട്രൈപ്പ് ഡിസൈൻ ഉപയോഗിക്കുന്നതായി അഡിഡാസ് പരാതിപ്പെട്ടു. തുടർന്ന് ബ്രൗൺ ഇത് ഉപയോഗിക്കുന്നത് നിർത്തുകയും നാലാമത് ഒരു വര കൂടി ചേർക്കുകയും ചെയ്തു. 2018 ലെ വിൽപ്പനയെത്തുടർന്ന് ബ്രാൻഡ് കൂടുതൽ ശ്രദ്ധ നേടിയത് അഡിഡാസിനെ അസ്വസ്ഥമാക്കിയിരുന്നു. അതിനുശേഷം തോം ബ്രൗൺ ബ്രാൻഡ് അതിവേഗം വികസിക്കുകയും ഇപ്പോൾ ലോകമെമ്പാടുമുള്ള 300 ലധികം സ്ഥലങ്ങളിൽ വ്യാപാരം നടത്തുകയും ചെയ്യുന്നു. സമീപ വർഷങ്ങളിൽ  തോം ബ്രൗൺ കൂടുതൽ അത്‌ലറ്റിക് വസ്ത്രങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതായാണ് ബിബിസി റിപ്പോർട്ട് ചെയ്തു.

കമ്പനികളുടെ ഡിസൈനുകൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയില്ലെന്ന് തോം ബ്രൗൺ പറഞ്ഞു, കാരണം അവ “വ്യത്യസ്ത വിപണികളിൽ പ്രവർത്തിക്കുന്നു, വ്യത്യസ്ത ഉപഭോക്താക്കളെ സേവിക്കുന്നു, കൂടാതെ അവരുടെ ഉൽപ്പന്നങ്ങൾ വ്യത്യസ്ത വില നിലവാരത്തിൽ വ്യാപാരം ചെയ്യുന്നുവെന്ന് തോം ബ്രൗൺ ബ്രാൻഡിന്റെ അഭിഭാഷകർ വ്യക്തമാക്കി.