കാലങ്ങളായി ഇന്ത്യന്‍ സഞ്ചാരികളുടെ പറുദീസയാണ് തായ്‌ലൻഡ്. കുറഞ്ഞ ചെലവിലും എളുപ്പത്തിലും പോയിവരാവുന്ന ഇടമെന്ന നിലയില്‍, ഇവിടേക്ക് ഒരുകാലത്തും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. ഇപ്പോഴിതാ, രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പുതിയ നിര്‍ദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് തായ്‌ലൻഡ്.

വരുന്ന ജൂണ്‍ മുതല്‍ വിനോദസഞ്ചാരികളില്‍ നിന്ന് 300 THB ടൂറിസ്റ്റ് ഫീസ്‌ ആയി ഈടാക്കാനാണ് തീരുമാനം. ഇന്ത്യന്‍ രൂപ ഏകദേശം 743 വരും ഇത്. പ്രദേശവാസികൾക്കും രാജ്യത്തെ സ്ഥിരതാമസക്കാർക്കും ഫീസ് ബാധകമല്ല. കൂടാതെ, വർക്ക് പെർമിറ്റുകളും അതിർത്തി പാസുകളും ഉള്ള വിദേശികളിൽ നിന്ന് ഫീസ് ഈടാക്കില്ല. കഴിഞ്ഞ വര്‍ഷം ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും തീരുമാനമായിരുന്നില്ല. ഇപ്പോള്‍ ടൂറിസം മന്ത്രി ഫിഫറ്റ് രത്ചകിത്പ്രകർൺ ആണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. ഈ നിര്‍ദ്ദേശം ക്യാബിനറ്റ് അംഗീകാരം ലഭിച്ചാല്‍ ഉടന്‍ നിലവില്‍ വരും.

അപകടങ്ങളിൽ പെടുന്ന സന്ദർശകരെ സഹായിക്കുന്നതിനും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുമായിരിക്കും ഈ തുക ഉപയോഗിക്കുന്നത്. കൂടാതെ, പരിസ്ഥിതി സൗഹൃദ ടൂറിസം സംരംഭങ്ങള്‍ക്കായും ഇത് ഉപയോഗിക്കും. ഈ വർഷം ടൂറിസത്തിനുള്ള ചെലവ് കുറഞ്ഞത് 2.38 ട്രില്യൺ ബാറ്റ് ആകുമെന്നാണ് പ്രവചനം. ഈ വർഷം ഏകദേശം 25 ദശലക്ഷം വിനോദസഞ്ചാരികളെയാണ് തായ്‌ലൻഡ് പ്രതീക്ഷിക്കുന്നത്. വീണ്ടും കോവിഡ് വന്ന ശേഷം, ചൈന വീണ്ടും അതിര്‍ത്തികള്‍ തുറന്നതിനാല്‍ കൂടുതല്‍ ചൈനീസ് സഞ്ചാരികള്‍ രാജ്യത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ.  

തായ്‌ലൻഡിന്‍റെ സമ്പദ്‌വ്യവസ്ഥയിലെ നിർണായക മേഖലയാണ് ടൂറിസം. കോവിഡിനു മുന്‍പ്, ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന രാജ്യങ്ങളിലൊന്നായിരുന്നു തായ്‌ലൻഡ്. മാത്രമല്ല, രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്‍റെ 12% സംഭാവന ചെയ്തിരുന്നത് വിനോദസഞ്ചാരമേഖലയായിരുന്നു. 2019-ൽ തായ്‌ലൻഡ് 40 ദശലക്ഷത്തോളം സന്ദര്‍ശകരെയാണ് വരവേറ്റത്. 

വിനോദസഞ്ചാരികൾക്കുള്ള വാക്‌സിൻ സർട്ടിഫിക്കറ്റുകളും പരിശോധനാ ഫലങ്ങളും പോലുള്ള നിർബന്ധിത കോവിഡ് ആവശ്യകതകളെല്ലാം കുറച്ചുമുന്‍പേ രാജ്യം ഉപേക്ഷിച്ചിരുന്നു. അതിനുശേഷം രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായത്. ഓണ്‍ അറൈവല്‍ വീസയുമായി ബന്ധപ്പെട്ട് ബാങ്കോക്ക്‌ വിമാനത്താവളത്തില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാനായി, ഇന്ത്യൻ യാത്രക്കാർക്ക് എംബസി, കോൺസുലേറ്റ് മുതലായ ഇടങ്ങളില്‍ നിന്നും വിസ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ജനുവരി മുതൽ ഓഗസ്റ്റ് 17 വരെ, ഏകദേശം 3.78 ദശലക്ഷം വിനോദസഞ്ചാരികൾ തായ്‌ലൻഡിൽ എത്തിയതായാണ് കണക്ക്. മലേഷ്യ, ഇന്ത്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് രാജ്യത്തേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നത്.