ന്യുഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സമ്പ്രാദായം ഉടച്ചുവാര്‍ക്കണമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢിന് അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിക്കുന്നത്. നിലവിലെ നിയമന രീതിയില്‍ സര്‍ക്കാരിന് സംതൃപ്തിയില്ലെന്നും ജഡ്ജിമാെര തിരഞ്ഞെടുക്കുന്നതിന് പഴയ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷന്‍ (എന്‍എന്‍എസി) പുനരാവിഷ്‌കരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ചീഫ് ജസ്റ്റീസിന് മൂന്‍പ് അയച്ച കത്തിന്റെ തുടര്‍ നടപടി മാത്രമാണിതെന്നാണ് നിയമമന്ത്രി പറയുന്നത്. രാഷ്ട്രീയ സൗകാര്യാര്‍ത്ഥമല്ല, പ്രത്യേകിച്ച്, കോടതിയുടെ പേരില്‍, ഭരണഘടനയാണ് ഏറ്റവും പരമം. ആരും അതിനു മുകളിലല്ലെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ജഡ്ജി നിയമനത്തില്‍ സര്‍ക്കാകര്‍ പ്രതിധിനിയെ ഉള്‍പ്പെടുത്തണമെന്നാണ് നിയമമന്ത്രിയുടെ ആവശ്യം. അങ്ങനെ വന്നാല്‍ കോടതി നടപടികളില്‍ പൊതുജനങ്ങള്‍ക്ക് സുതാര്യതയും ഉത്തരവാദിത്തവും അനുഭവപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ജഡ്ജി നിയമനത്തിനുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കോടതികളെ പിടിച്ചടക്കാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് വിമര്‍ശിച്ചു. സ്വതന്ത്രമായ ഭരണഘടനാ സ്ഥാപനം പിടിച്ചടക്കുകയാണ് ലക്ഷ്യം. കോടതിയുടെ നിഷ്പക്ഷതയില്‍ വിഷം കലര്‍ത്തുകയാണ്. കോടതിക്കെതിരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉയര്‍ത്തിയ വിമര്‍ശനവും കേശവാനന്ദ ഭാരതി കേസ് ഉയര്‍ത്തിയുള്ള പ്രതികരണങ്ങളും കോടതിയെ വിരട്ടാനുള്ള പദ്ധതിയുടെ ഭാഗമാണ്.

ഉപരാഷ്ട്രപതി അപമാനിക്കുന്നു, നിയമമന്ത്രി ആക്രമിക്കുന്നു. കോടതിയെ ഭീഷണിപ്പെടുത്തി വരുതിയിാലക്കുകയാണ് ഇവരുടെയെല്ലാം ശ്രമം. പൂര്‍ണ്ണമായും പാദസേവ ചെയ്യുന്നവരെയാണ് സര്‍ക്കാരിന് വേണ്ടത്. നിഷ്പക്ഷ നീതിന്യായ വ്യവസ്ഥതിയില്‍ വിഷം കലര്‍ത്തുകയാണ് ഇവരെന്നും ജയ്‌റാം രമേശ് പ്രതികരിച്ചു.