തെഹ്റാൻ: ഇറാ​ൻ ​റിപബ്ലിക്കൻ ഗാർഡ്​ കമാൻഡർ ആയിരുന്ന ഖാസിം സുലൈമാനിയെ വിധിച്ച കേസുമായി ബന്ധപ്പെട്ട് 60 ഉന്നത യു.എസ് ഉദ്യോഗസ്ഥരെ കരിമ്പട്ടിയിൽ പെടുത്തി ഇറാൻ. ഇറാന്റെ ഉന്നത കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 60 യു.എസ് ഉദ്യോഗസ്ഥരെ ടെഹ്‌റാൻ കരിമ്പട്ടികയിൽ പെടുത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുല്ലാഹിയൻ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഇസ്‌ലാമിക് റെവല്യൂഷൻ ഗാർഡ്‌സ് കോർപ്‌സ് ഖുദ്‌സ് ഫോഴ്‌സിന്റെ മുൻ കമാൻഡർ സുലൈമാനിയുടെ കൊലപാതകത്തിന്റെ മൂന്നാം വാർഷികത്തിന് മുന്നോടിയായി ഒരു ടെലിവിഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമീർ-അബ്ദുല്ലാഹിയൻ.

2015ലെ ആണവ കരാറിന്റെ പുനരുജ്ജീവനത്തെക്കുറിച്ച് അടുത്തിടെ നടന്ന വിയന്ന ചർച്ചകളിൽ, ഇറാന്റെ കരിമ്പട്ടികയിൽ നിന്ന് തങ്ങളുടെ മുൻ ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായി ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

2020 ജനുവരി മൂന്നിനാണ്, അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവനുസരിച്ച്, യു.എസ് സൈന്യം, ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണത്തിൽ സുലൈമാനിയെയും ഇറാഖിന്റെ അർദ്ധസൈനിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാൻഡർ അബൂ മഹ്ദി അൽ-മുഹന്ദിസിനെയും വധിച്ചത്. കൊലപാതകത്തെ ഇറാൻ “ഭരണകൂട ഭീകരത” എന്നാണ് വിശേഷിപ്പിച്ചത്.

2020 ജനുവരി എട്ടിന്, ഇറാഖി പ്രവിശ്യയായ അൻബാറിലെ യു.എസ് ഐൻ അൽ-അസദ് താവളത്തിൽ മിസൈലുകൾ വിക്ഷേപിച്ചുകൊണ്ട് ഇറാൻ കൊലപാതകത്തിന് പ്രതികാരം ചെയ്തു. ഇറാ​ന്‍റെ ​റിപബ്ലിക്കൻ ഗാർഡ്​ കമാൻഡർ എന്നതിന്​ പുറമെ മേഖലയിൽ ശിയ ശക്​തി കേന്ദ്രം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന മുതിർന്ന സൈനിക ഉദ്യോഗസ്​ഥനാണ്​ കൊല്ലപെട്ട ഖാസിം സുലൈമാനി. സർക്കാർ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഇറാഖിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതി​നുള്ള നീക്കത്തി​ന്‍റെ ഭാഗമായായിരുന്നു സു​ലൈമാനി ബഗ്​ദാദിലെത്തിയത്​.

അമേരിക്കക്കും അവരെ അനുകൂലിക്കുന്ന രാജ്യങ്ങൾക്കുമെതിരായ പ്രതിരോധത്തിന്‍റെ അച്ചുതണ്ട്​ എന്ന്​ ഇറാൻ പറയുന്ന ശിയ ശക്​തിയുടെ ശിൽപിയായിരുന്നു സുലൈമാനി. ഒമാൻ ഉൾക്കടൽ​ മുതൽ സിറിയയും ഇറാഖും ലബനാനും ഉൾപ്പെടുന്ന മെഡിറ്ററേനിയ​​ന്‍റെ കിഴക്കൻ തീരംവരെ നീളുന്നതാണ്​ ഈ അച്ചുതണ്ട്​. സിറിയയിലെ അസദ്​ സർക്കാരി​നും ലബനാനിലെ ഹിസ്​ബുല്ലക്കും ഇറാഖിലെ ശിയ സർക്കാരിനും റിപബ്ലിക്കൻ ഗാർഡ്​ സൈനിക സഹായം നൽകുന്നുണ്ടെന്നാണ്​ റിപോർട്ട്​. ഇറാന്​ പുറത്ത്​ സുലൈമാനി അത്ര പ്രസിദ്ധനായിരുന്നില്ല. എന്നാൽ, 2003ൽ അമേരിക്ക ഇറാഖ്​ ആക്രമിച്ചതോടെയാണ്​ സു​ലൈമാനി പാശ്​ചാത്യ രാജ്യങ്ങളുടെ ശ്രദ്ധയിൽപെടുന്നത്​.

ഇറാൻ-ഇറാഖ്​ യുദ്ധത്തിന്​ ശേഷം റവലൂഷനറി ഗാർഡി​നു കീഴിലെ ഉപ സൈനിക വിഭാഗമായ ഖുദ്​സിന്‍റെ കമാൻഡറായി ചുമതലയേറ്റ സുലെമാനി സൈനിക ഉദ്യാഗസ്​ഥൻ എന്നതിലുപരി ഇറാ​​​​​ന്റെ പൊതുമണ്ഡലത്തിൽ സ്വീകാര്യനും ശക്​തനുമായി വളരുകയായിരുന്നു. രാഷ്​ട്രീയത്തിൽ ഇറങ്ങണമെന്ന അഭ്യർത്ഥന നിരസിച്ച അദ്ദേഹം വിദേശ, പ്രതിരോധ നയങ്ങളിൽ ഒഴിച്ചുകൂടാനാവത്ത ശബ്​ദമായി മാറി. സാമൂഹ്യ മാധ്യമങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായി. ഈയിടെ അദ്ദേഹത്തിന്‍റെ ഇൻസ്​റ്റഗ്രാം ഫോളോവേഴ്​സിന്‍റെ എണ്ണം കുത്തനെ വർധിച്ചു. 2018ൽ മേരിലാൻഡ് യൂനിവേഴ്​സിറ്റിയും ഇറാൻപോളും സംയുക്​തമായി നടത്തിയ അഭിപ്രായ സർവ്വേയിൽ പ്രസിഡന്‍റ്​ ഹസൻ റൂഹാനിയെ പിന്നിലാക്കി 83 ശതമാനം ജന സമ്മതിയാണ്​ സുലൈമാനിക്ക്​ ലഭിച്ചത്​. അതേസമയം, ശിയ സായുധ വിഭാഗമായ ഹിസ്​ബുല്ലയുമായും ഫലസ്​തീനിലെ ഹമാസുമായും സുലൈമാനിക്ക്​ ബന്ധമുണ്ടെന്നാണ്​ അമേരിക്കയുടെ ആരോപണം.

ഇറാഖിലെ യു.എസ്​ എംബസി ആക്രമിക്കുകയും ഉപരോധിക്കുകയും ചെയ്​തതിനു പിന്നിൽ ഇറാനാണെന്ന്​ ആരോപിച്ചാണ്​ അമേരിക്ക റിപബ്ലിക്കൻ ഗാർഡ്​ തലവനായ സു​ലൈമാനിയെ വധിക്കുന്നത്​. എന്നാൽ, ഈ വർഷാവസാനം നടക്കുന്ന പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ ത​ന്‍റെ ജയ സാധ്യത വർധിപ്പിക്കാൻ ഡോണൾഡ്​ ട്രംപ്​ ആസൂത്രണം ചെയ്​തതാണ്​ ആക്രമണമെന്നും ആരോപണമുണ്ട്​.