ലോസ് ആഞ്ജൽസ് : മഞ്ഞു നീക്കുന്നതിനിടയിലുണ്ടായ അപകടത്തില്‍ നടന്‍ ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍. നടന്റെ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഉടനെതന്നെ ഹെലികോപ്റ്ററിൽ നടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് താരം താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് 35,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു.

2010-ല്‍ ഓസകര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ച നടനാണ് റെന്നര്‍. കാതറിന്‍ ബിഗ്‌ലോ സംവിധാനം ചെയ്ത ‘ഹര്‍ട്ട് ലോക്കറി’നായിരുന്നു നാമനിര്‍ദ്ദേശം. ദ ടൗണ്‍, മിഷന്‍ ഇംപോസിബിള്‍, അമേരിക്കന്‍ ഹസില്‍, 28 വീക്ക്‌സ് ലേറ്റര്‍ തുടങ്ങിയവയാണ് റെന്നറുടെ പ്രശസ്ത ചിത്രങ്ങള്‍.