കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് വിദേശ വനിത പീഡിപ്പിക്കപ്പെട്ടെന്ന് പരാതി. കൊറിയന്‍ യുവതിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോട് പീഡന വിവരം വെളിപ്പെടുത്തിയത്. മതിയായ യാത്രാ രേഖകളില്ലാത്തതിനാല്‍ വിമാനത്താവളത്തിലെ സുരക്ഷാ സേനയാണ് ഇവരെ പിടികൂടിയത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം.

തുടര്‍ന്ന് ഇവരെ പൊലീസിന് കൈമാറി. വൈദ്യപരിശോധനക്കായി യുവതിയെ മെഡിക്കല്‍ കോളേജില്‍ പൊലീസ് എത്തിക്കുകയായിരുന്നു. യുവതിയെ പരിശോധിച്ച ഡോക്ടറാണ് പീഡനം സംബന്ധിച്ച വിവരം യുവതി വെളിപ്പെടുത്തിയതായി പൊലീസിനെ അറിയിച്ചത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

യുവതിയുടെ രഹസ്യമൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. എന്നാല്‍ യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നത് തിരിച്ചടിയാണ്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടാലുടന്‍ മൊഴിയെടുത്തേക്കും. പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് പൊലീസ് വ്യക്തമാക്കി.