കേരളത്തിൽ വീണ്ടും സ്വർണ്ണവേട്ട. കരിപ്പൂർ വിമാനത്താവളത്തിന് പുറത്തു വച്ചാണ് പത്തൊൻപതുകാരിയായ പെൺകുട്ടി പിടിയിലാകുന്നത്. ദുബായിൽ നിന്നും നാട്ടിലെത്തിയതായിരുന്നു പെൺകുട്ടി. കാസർഗോഡ്സ്വദേശിനിയായ ഷെഹ്︋ലയാണ് പിടിയിലായത്. അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത്  ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണ്ണമാണ് ഷെഹ്︋ല  ദുബായിൽ നിന്ന് കേരളത്തിലേക്ക് കടത്തിയത്. 

കഴിഞ്ഞ ദിവസം രാവിലെ നടന്ന പരിശോധനയിലാണ് ഷെഹ്︋ല പിടിയിലാകുന്നത്. ദുബായിൽ നിന്നു വന്ന ഫ്ലെെറ്റിൽ രാവിലെ പത്തരയോടെയാണ് ഷെഹല കരിപ്പൂരിൽ എത്തിയത്. തുടർന്ന് യാത്രക്കാർക്കായുള്ള കസ്റ്റംസ് പരിശോധന നടന്നു. എന്നാൽ പരിശോധനയിൽ സ്വർണ്ണമൊന്നും കണ്ടെത്താനായില്ല. പരിശോധനയെല്ലാം കഴിഞ്ഞ് 11 മണിയോടെ പെൺകുട്ടി വിമാനത്താവളത്തിനു പുറത്തിറങ്ങി.അതേസമയം കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരി സ്വർണ്ണം കടത്തുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. 

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ എയർപോർട്ടിന് പുറത്ത് പരിശോധന നടത്തവേയാണ് ഷെഹ്︋ല പൊലീസിൻ്റെ പിടിയിലായത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ലഗേജുകൾ പരിശോധിക്കുകയും ഷെഹ്︋ലയെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ സ്വർണ്ണത്തിൻ്റെ കാര്യങ്ങളൊന്നും അറിയില്ലെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. കൂടുതൽ പരിശോധന നടത്തിയിട്ടും യുവതിയിൽ നിന്നും സ്വർണ്ണവും പൊലീസിന് ലഭിച്ചില്ല. താൻ സ്വർണമൊന്നും കടത്തിയിട്ടില്ലെന്ന് യുവതി പൊലീസിനോട് ഉറപ്പിച്ചു പറയുകയും ചെയ്തു. 

ഇതിനു പിന്നാലെ പൊലീസ് യുവതിയുടെ ദേഹപരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. ദേഹപരിശോധന നടത്തിയ അവസരത്തിലാണ് അടിവസ്ത്രത്തിനുള്ളിൽ മൂന്ന് പാക്കറ്റുകളിലായി ഒളിപ്പിച്ച സ്വർണ്ണം പൊലീസ് കണ്ടെടുത്തത്. മിശ്രിത രൂപത്തിലാണ് സ്വർണ്ണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നത്. പായ്ക്കറ്റുകൾ അടിവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത നിലയിലായിരുന്നു. 

1884 ഗ്രാം സ്വർണമാണ് ഇവർ കൊണ്ടുവന്നതെന്നും പൊലീസ് വ്യക്തമാക്കി. നിരവധി സ്വർണ്ണക്കടത്ത് കേസുകളാണ് വിമാനത്താവളത്തിനു പുറത്തു വച്ച് പൊലീസ് പിടികൂടിയത്. കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടുന്ന എൺപത്തിയാറാമത്തെ സ്വർണക്കടത്ത് കേസാണിതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം കേസിൽ കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘവുമായി യുവതിയ്ക്ക് ബന്ധമുണ്ടെന്നുള്ള സൂചനകളും പുറത്തു വന്നിട്ടുണ്ട്. 

ദുബായിൽ നിന്നും യുവതിയുടെ പക്കൽ സ്വർണം ആരാണ് കൊടുത്തയച്ചതെന്നും ആർക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്നും അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. കൂടുതൽ ചോദ്യം ചെയ്യലിൽ മാത്രമേ ഇക്കാര്യം വ്യക്തമാക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.