ഡിസംബര്‍ 13ന് കാശി ഇടനാഴി ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം തികയുകയാണ്. ശ്രീകാശി വിശ്വനാഥ് ധാമില്‍ ഒരു വര്‍ഷം കൊണ്ട് മഹാദേവ ഭക്തര്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഒരു വര്‍ഷത്തിനിടെ മഹാദേവന്റെ ഭക്തര്‍ 100 കോടിയിലധികം വിലമതിക്കുന്ന വഴിപാടുകള്‍ നടത്തിയതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു. പണത്തിന് പുറമെ സ്വര്‍ണവും വെള്ളിയും ഇതിലുണ്ട്. ശ്രീ കാശിധാമിന്റെ ഉദ്ഘാടനം മുതല്‍ ഇതുവരെ ഭക്തര്‍ 50 കോടിയിലധികം തുക പണമായി സമര്‍പ്പിച്ചതായി ശ്രീ കാശി വിശ്വനാഥ ക്ഷേത്രം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ കുമാര്‍ വര്‍മ്മ പറയുന്നു. ഇതില്‍ 40 ശതമാനം തുകയും ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിച്ചിരിക്കുന്നത്.

മഹാദേവന്റെ മുന്നില്‍ സമ്പത്തിന്റെ താരതമ്യമില്ലെങ്കിലും, മഹാദേവന്റെ നഗരത്തിലെത്തുന്ന ഭക്തര്‍ അവരുടെ വിശ്വാസത്തിനും കഴിവിനും അനുസരിച്ച് വഴിപാടുകള്‍ നടത്തുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നാണ് പ്രധാനമന്ത്രി കാശി ഇടനാഴി ഉദ്ഘാടനം ചെയ്തത്. കാശിയുടെ മഹത്വത്തിലും മഹാദേവന്റെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യത്തിലും ഈ തീയതി പ്രധാനമാണ്. ചൊവ്വാഴ്ച ഒരു വര്‍ഷം തികയുകയാണ്. എല്ലാ മാസവും ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ എണ്ണവും വര്‍ധിച്ചു വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മഹാദേവ ഭക്തര്‍ ഈ ഒരു വര്‍ഷം ഭക്തിയോടെ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച വഴിപാടുകളും ക്ഷേത്ര ഭരണസമിതി വിലയിരുത്തി.

ശ്രീ കാശി വിശ്വനാഥ് ധാമിലേക്ക് വരാന്‍ കഴിയാത്തവര്‍ ഓണ്‍ലൈനില്‍ മഹാദേവന് വഴിപാടുകള്‍ നടത്തിയെന്നത് പ്രധാനമാണ്. മുന്‍വര്‍ഷങ്ങളില്‍ ക്ഷേത്രത്തില്‍ നടത്തിയ വഴിപാടുകളുടെ 500 ശതമാനം കൂടുതലാണിത്. 50 കോടിയിലധികം വിലമതിക്കുന്ന അമൂല്യ ലോഹങ്ങളും ഭക്തര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ക്ഷേത്ര ട്രസ്റ്റ് നല്‍കുന്ന വിവരം. 60 കിലോ സ്വര്‍ണവും 10 കിലോ വെള്ളിയും 1500 കിലോ ചെമ്പും ഇതില്‍ അടങ്ങിയിരിക്കുന്നു. മഹാദേവനോടുള്ള ഈ സമര്‍പ്പണം കണക്കിലെടുത്ത്, ക്ഷേത്രപരിസരത്തിന് കൂടുതല്‍ മഹത്വം നല്‍കുന്നതിനായി, ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പുറം, അകത്തെ ചുവരുകള്‍ ഈ സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവ ഉപയോഗിച്ച് അലങ്കരിച്ചിരിക്കും. കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് 100 കോടിയിലധികം രൂപ ഭക്തര്‍ വഴിപാട് നടത്തിയത് ചരിത്രത്തിലെ റെക്കോര്‍ഡാണ്.

ഒരു വര്‍ഷത്തിനിടെ ഇതുവരെ 7.35 കോടിയിലധികം ഭക്തര്‍ ബാബയെ ദര്‍ശിച്ചതായി ക്ഷേത്ര ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ കുമാര്‍ വര്‍മ പറഞ്ഞു. ക്ഷേത്രപരിസരത്തിന്റെ നാല് കവാടങ്ങളിലും സ്ഥാപിച്ചിട്ടുള്ള സ്‌കാനിംഗ് മെഷീനുകള്‍ വഴി കൃത്യമായ ഇടവേളകളില്‍ ഭക്തരെ എണ്ണുന്നു. കാശിയിലെ വിശ്വനാഥ് ധാമിന്റെ പുനര്‍നിര്‍മ്മാണത്തിന് ശേഷം കൂടുതല്‍ ആളുകളെ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രിയും കാശി എംപിയുമായ നരേന്ദ്ര മോദി കാശിയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇതോടൊപ്പം ഏറ്റവും പുരാതനമെന്നു കരുതുന്ന കാശിയില്‍ വിനോദസഞ്ചാരികള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിരവധി പദ്ധതികളും ആരംഭിക്കുന്നുണ്ട്.

കാശി ഇടനാഴിയുടെ നിര്‍മ്മാണത്തിലൂടെ ഈ പ്രദേശം മുഴുവന്‍ മുഖം മിനുക്കി. അതിനായി സമീപത്തെ വീടുകള്‍, കടകള്‍ തുടങ്ങിയ കെട്ടിടങ്ങള്‍ നീക്കം ചെയ്യുകയും ക്ഷേത്രങ്ങള്‍ക്കും വേദപ്രകാരം സ്ഥാനം നല്‍കുകയും ചെയ്തു. 900 കോടിയോളം രൂപ നഷ്ടപരിഹാരമായി നല്‍കി. ധാമിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ വരും കാലങ്ങളില്‍ ഭക്തരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് സുനില്‍ വര്‍മ വിശദീകരിക്കുന്നു. ക്ഷേത്രപരിസരത്ത് നിന്ന് വരുന്നവര്‍ക്കായി ഇടനാഴിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. മന്ദിര്‍ ചൗക്കില്‍ നിര്‍മിച്ച കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനവും ഉണ്ടാകും. കണക്കുകള്‍ പ്രകാരം അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഇടനാഴിയുടെ നിര്‍മാണച്ചെലവ് തിരിച്ചുപിടിക്കും.