കല്‍ബുര്‍ഗി: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ ബലാത്സംഗം തടയാന്‍ ജിപിഎസ് ഘടിപ്പിച്ച പാദരക്ഷ വികസിപ്പിച്ച് പത്താ ക്ലാസ് വിദ്യാര്‍ഥിനി. എസ്ആര്‍എന്‍ മേത്ത സ്‌കൂളിലെ വിജയലക്ഷ്മി ബിരാദാറാണ് മോശമായി പെരുമാറുന്നവരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷപ്പെടാന്‍ സഹായിക്കുന്ന ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. 

ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ പാദരക്ഷകള്‍ ഉപയോഗിച്ച് അവരെ ചവിട്ടാന്‍ കഴിയുമെന്ന് വിജയലക്ഷ്മി പറയുന്നു. ഈ പാദരക്ഷ കൊണ്ട് ചവിട്ടേറ്റാല്‍ അക്രമിക്ക് വൈദ്യുതാഘാതമേല്‍ക്കും. കൂടാതെ ഇന്‍-ബില്‍റ്റ് ജിപിഎസ് സവിശേഷതയും ഇതിലുണ്ട്. പെണ്‍കുട്ടിയുടെ തത്സമയ ലൊക്കേഷനോടൊപ്പം മാതാപിതാക്കള്‍ക്ക് അലര്‍ട്ട് സന്ദേശം ലഭിക്കും. 

2018-ല്‍ ഏഴിലോ എട്ടിലോ പഠിക്കുമ്പോഴാണ് വിജയലക്ഷ്മി ഈ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് അധ്യാപിക  വെളിപ്പെടുത്തി. കുട്ടി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ടെന്നും വളരെക്കാലമായി ഈ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഗോവയില്‍ നടന്ന ഒരു ഇന്റര്‍നാഷണല്‍ ഇന്‍വെന്‍ഷന്‍ ആന്‍ഡ് ഇന്നൊവേഷന്‍ എക്സ്പോ പുരസ്‌കാരവും വിജയലക്ഷ്മിയെ തേടിയെത്തിയിരുന്നു.