ബെംഗളൂരു: ഒരു ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയും കാമുകനും വാടക കൊലയാളിയും പിടിയില്‍. കോലാര്‍ ജില്ലയിലെ ചംബേ സ്വദേശിയായ ആനന്ദയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഹൊസ്‌കോട്ടയ്ക്ക് സമീപം അഴുകിയ നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബീമകനഹള്ളിയിലെ ഒരു ക്വാറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

പ്രദേശവാസികളില്‍ ചിലര്‍ ക്വാറിയില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും തുടര്‍ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് ആനന്ദയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

ആനന്ദയുടെ ഭാര്യ ചൈത്ര( 28), കാമുകന്‍ ചലപതി( 35). വാടക കൊലയാളി പൃത്വിരാജ്( 26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു വാടക കൊലയാളിയായ നവീന് വേണ്ടി പോലീസ് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ട്രക്ക് ഡ്രൈവറായിരുന്നു ആനന്ദ. പ്രണയവിവാഹമായിരുന്നു ആനന്ദയുടെയും ചൈത്രയുടെയും. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. ഇതിനിടെ തന്റെ അയല്‍വാസിയായ ചലപതിയുമായി ചൈത്രയ്ക്ക് ബന്ധമുണ്ടെന്ന് ആനന്ദ മനസിലാക്കുകയായിരുന്നു. ഇതേച്ചൊല്ലി ആനന്ദ നിരവധി തവണ ചൈത്രയുമായി വഴക്കിടകയും താക്കീത് നല്‍കുകയം ചെയ്തിരുന്നു.

നാല് മാസം മുമ്പ് ചലപതി തന്നോട് അപമര്യാദയായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി ചൈത്ര മാസ്തി പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതി നല്‍കി. ചലപതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയക്കുകയും ചെയ്തു. ഇതെച്ചൊല്ലി ചൈത്രയും ചലപതിയും തമ്മില്‍ വഴക്കുണ്ടായി. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇരുവരും വീണ്ടും അടുക്കുകയായിരുന്നു. ചൈത്ര വീണ്ടും ചലപതിയുമായി അടുപ്പത്തിലായെന്ന് മനസിലാക്കിയ ആനന്ദ മദ്യപിച്ച് വന്ന് ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇതോടെയാണ് ആനന്ദയെ ഒഴിവാക്കി ചലപതിയെ വിവാഹം ചെയ്യാന്‍ ചൈത്ര തീരുമാനിക്കുന്നത്. ഇതിനായി ചലപതിയുടെ സഹായത്തോടെ പദ്ധതിയുണ്ടാക്കി.

തന്റെ സഹോദരന്റെ സുഹൃത്തായ പൃത്വിരാജിന്റെ സഹായം ചൈത്ര തേടുകയായിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് ആനന്ദയെ കൊലപ്പെടുത്താമെന്നേറ്റ പൃത്വിരാജ് അന്‍പതിനായിരം രൂപ അഡ്വാന്‍സായി കൈപ്പറ്റുകയും ചെയ്തിരുന്നു.