ന്യൂഡൽഹി: നിങ്ങൾ ഫീറ്റൽ വയബിളിറ്റി റേറ്റ് എന്നു കേട്ടിട്ടുണ്ടോ? പത്ത് മാസം തികയുന്നതിനു മുൻപ് പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് ഗർഭപാത്രത്തിനു വെളിയിൽ ജീവിക്കാനുള്ള ശേഷിയാണ് ഫീറ്റൽ വയബിളിറ്റി റേറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 22 – 23 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ സിസേറിയൻ വഴി പുറത്തെത്തിച്ചാലും ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ പിടിച്ചു നിർത്താനും സാധാരണ കുഞ്ഞുങ്ങളെപ്പോലെ വളർത്താനുമാകും. 21 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ സിസേറിയൻ വഴി പുറത്തെടുത്ത് ജീവനോടെ വളർത്തിയെടുത്ത ലോക റെക്കോഡുമുണ്ട്. ലോകത്ത് പലയിടത്തും ഗർഭഛിദ്രം സംബന്ധിച്ച നിയമങ്ങൾ നിശ്ചയിച്ചിരിക്കുന്നത് ഫീറ്റൽ വയബിളിറ്റിയുമായി ബന്ധപ്പെടുത്തിയാണ്.

എന്നാൽ കഴിഞ്ഞ ദിവസമാണ് ഡൽഹി ഹൈക്കോടതി സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചത്. 33 ആഴ്ച അഥവാ 8 മാസമെത്തിയ ഗർഭം അലസിപ്പിക്കാനാണ് ഡൽഹി ഹൈക്കോടതി ഒരു സ്ത്രീയ്ക്ക് നൽകിയ അനുമതി. അമ്മയുടെ തീരുമാനമാണ് ഗർഭഛിദ്രത്തിൻ്റെ കാര്യത്തിൽ അന്തിമം എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 24 ആഴ്ച വരെ അവിവാഹതരും വിവാഹിതരുമായ സ്ത്രീകൾക്ക് സുരക്ഷിതവും നിയമപരവുമായി ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി മുൻപ് അനുമതി നൽകിയിരുന്നു. എന്നാൽ 33 ആഴ്ച വളർച്ചയെത്തിയ ഭ്രൂണം എന്നത് ലോകത്ത് പല രാജ്യങ്ങളിലും നിയമപരമായ പരിധിയ്ക്കും പുറത്താണ്.

ഗർഭത്തിൻ്റെ 33-ാം ആഴ്ച

പ്രത്യേക സാഹചര്യങ്ങളിൽ ഗർഭസ്ഥ ശിശുവിനും അമ്മയ്ക്കും ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോഴും മറ്റും എട്ടാം മാസത്തിൽ സിസേറിയൻ നടത്തുന്നത് അപൂർവമല്ല. എട്ട് മാസം പ്രായമായ ഭ്രൂണത്തിൻ്റെ തലച്ചോറും നാഡീവ്യൂഹവും പൂർണമായി വികസിച്ചിരിക്കും. എല്ലുകളിൽ പലതും ഉറച്ചു തുടങ്ങും. ഏകദേശം 43.7 സെൻ്റിമീറ്റർ ഉയരവും 1.9 കിലോഗ്രാം ഭാരവും ഈ സമയം ഭ്രൂണത്തിനുണ്ടാകും. അതായത് വലിയൊരു പൈനാപ്പിളിനോളം വലുപ്പവും ലാപ്ടോപ്പിൻ്റെ ഭാരവും. ഈ പ്രായത്തിൽ അമ്മയുടെ ശരീരത്തിനു വെളിയിലെത്തുന്ന ഭ്രൂണം പൂർണവളർച്ചയെത്താനുള്ള സാധ്യത വളരെ കൂടുതലാണു താനും. ഗർഭഛിദ്രത്തെ പാടേ എതിർക്കുന്ന യാഥാസ്ഥിതികർക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് എട്ടാം മാസത്തിലെ ഗർഭം അലസിപ്പിക്കൽ.

ഡൽഹി ഹൈക്കോടതിയുടെ വിധി

ഗർഭസ്ഥശിശുവിൻ്റെ തലച്ചോറിന് പ്രശ്നങ്ങൾ കണ്ടതിനെ തുടർന്നാണ് ഹർജിക്കാരിയായ ഗർഭിണി കോടതിയെ സമീപിച്ചത്. ഗർഭം സംബന്ധിച്ച് സ്ത്രീയുടെ അവകാശങ്ങളും ഗർഭസ്ഥ ശിശുവിൻ്റെ ജീവിക്കാനുള്ള അവകാശവും പരിഗണിച്ച കോടതി അമ്മയുടെ തീരുമാനമാണ് അന്തിമം എന്ന് വിധിക്കുകയായിരുന്നു. 33 ആഴ്ചയായ ഗർഭം വൈദ്യസഹായത്തോടെ അലസിപ്പിക്കാൻ 26കാരിയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്.

ഗർഭഛിദ്രം നടത്താനുള്ള ഗർഭിണിയുടെ അവകാശം ലോകത്ത് എല്ലായിടത്തും വലിയ തർക്കവിഷയമാണെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് ചൂണ്ടിക്കാട്ടി. അമ്മയുടെ അവകാശം ഇന്ത്യൻ നിയമം ഉറപ്പാക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഉടൻ തന്നെ ഗർഭം അലസിപ്പിക്കാനുള്ള അനുമതിയാണ് കോടതി യുവതിയ്ക്ക് നൽകിയത്. അതേസമയം, ഗർഭസ്ഥശിശു നേരിടുന്ന ആരോഗ്യപ്രശ്നങ്ങളുടെ വ്യാപ്തിയും ജനിച്ചു വീണാൽ പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളും സംബന്ധിച്ച് മെഡിക്കൽ ബോർഡ് വ്യക്തത വരുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യം ഹർജിക്കാരിയ്ക്ക് അനുകൂലമാണെന്നും കോടതി കൂട്ടിച്ചേർത്തു.

“ചുരുക്കത്തിൽ, അമ്മയുടെ താത്പര്യവും ജനിക്കാൻ പോകുന്ന കുട്ടിയ്ക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാധ്യതയും പരിഗണിച്ചായിരിക്കും കോടതി അന്തിമ തീരുമാനം പ്രഖ്യാപിക്കുക. ഈ കേസിൽ വൈദ്യസഹായത്തോടെയുള്ള ഗർഭഛിദ്രം അനുവദിക്കാം എന്നാണ് കോടതിയുടെ തീരുമാനം.” കോടതി വിധിയിൽ പറയുന്നു. “ലോകത്ത് എല്ലായിടത്തും ഗർഭം അലസിപ്പിക്കാൻ അല്ലെങ്കിൽ ഗർഭഛിദ്രം നടത്താനുള്ള ഗർഭിണിയുടെ അവകാശം വലിയ തർക്കവിഷയമാണ്. ഗർഭം ധരിച്ച കുഞ്ഞിന് ജന്മം നൽകണോ എന്ന കാര്യത്തി്ൽ അന്തിമമായ അഭിപ്രായം പറയാൻ അമ്മയ്ക്കാണ് അവകാശം. നിയമത്തിൽ അമ്മയുടെ അവകാശം ഉയർത്തിപ്പിടിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്.” കോടതി വ്യക്തമാക്കി.

കുഞ്ഞ് ജനിച്ചു വീണാൽ രക്ഷിതാക്കൾക്ക് ഇത് വലിയ മാനസികാഘാതത്തിന് കാരണമായേക്കുമെന്നും ഇവരുടെ സാമ്പത്തികവും സാമൂഹ്യവുമായ അവസ്ഥയെ ഇത് ബാധിച്ചേക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ വശങ്ങളും ചിന്തിച്ച ശേഷമാണ് ഹർജിക്കാരി ഗർഭഛിദ്രം നടത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചതെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു. യുവതിയ്ക്ക് താത്പര്യമുള്ള ആശുപത്രിയിൽ ഗർഭഛിദ്രം നടത്താമെന്നും കോടതി വ്യക്തമാക്കി. യുവതിയുടെ സമ്മതം രേഖാമൂലം വാങ്ങിയ ശേഷം നടപടികളുമായി മുന്നോട്ടു പോകാനാണ് നിർദേശം. ഗർഭഛിദ്രം മൂലം എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടാലും ഉത്തരവാദിത്തം ഹർജിക്കാരിയ്ക്ക് തന്നെയായിരിക്കും.

ഇത്തരം കേസുകളിൽ ഗർഭഛിദ്രം നടത്താൻ തീരുമാനിക്കുന്ന സ്ത്രീകൾ നേരിടുന്ന മാനസികസംഘർഷം തന്നെ വലുതായിരിക്കുമെനനും എന്നാൽ പലപ്പോഴും കോടതികൾ പോലും ധാർമികവും സദാചാരപരവുമായ കാരണങ്ങൾ പോലും പരിഗണിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഗർഭസ്ഥശിശുവിൻ്റെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താനുള്ള സാങ്കേതികവിദ്യകൾ വികസിക്കുകയും വൈകല്യങ്ങൾ സംബന്ധിച്ച പ്രവചനങ്ങൾ അസാധ്യമാകുകയും ചെയ്യുന്നതോടെ ഇന്ന് ഇത് സങ്കീർണമായ വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളിൽ മെഡിക്കൽ ബോർഡുകൾ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ അവ്യക്തമാകാൻ പാടില്ലെന്നും ജഡ്ജി പറഞ്ഞു. ഭ്രൂണത്തിൻ്റെ ആരോഗ്യനിലയ്ക്കു പുറമെ ഗർഭം തുടർന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ഗർഭഛിദ്രം നടത്തിയാലുള്ള പ്രത്യാഘാതങ്ങളും റിപ്പോർട്ടിൽ പരിഗണിക്കമെന്നും കോടതി നിർദേശിച്ചു.

ഡൽഹിയിലെ ജിടിബി ആശുപത്രി യുവതിയുടെ ഗർഭം അലസിപ്പിക്കാനുള്ള അപേക്ഷ തള്ളിയതിനു പിന്നാലെയാണ് 26കാരി കോടതിയിലെത്തിയത്. ഹർജിക്കാരിയ്ക്കു വേണ്ടി അഡ്വ. അന്വേഷ് മധുകർ, പ്രാചി നിർവാൺ എന്നിവരാണ് കോടതിയിൽ ഹാജരായത്. 16-ാം ആഴ്ച നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ അടക്കം കുഞ‍ിന് പ്രസ്നങ്ങൾ കാണിച്ചിരുന്നില്ലെന്നും എന്നാൽ നവംബ‍ർ 12ന് നടത്തിയ പരിശോധനയിലാണ് പ്രശ്നങ്ങൾ കണ്ടതെന്നും ഹ‍ർജിക്കാരി കോടതിയെ അറിയിച്ചു.