മത നിയമം നടപ്പിലാക്കുന്ന സദാചാര പോലീസിനെ പിൻവലിച്ചെന്ന വാർത്തകൾ പുറത്തുവന്നതിന് ഇടയിലും ഇറാനിൽ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് പ്രക്ഷോഭകർ. 22കാരിയായ മഹ്‌സ അമിനിയുടെ കസ്‌റ്റഡി മരണം വൻ പ്രതിഷേധത്തിന് ആക്കം കൂട്ടിയതിന് ശേഷമാണ് പുതിയ സംഭവ വികാസങ്ങൾക് രാജ്യം സാക്ഷിയാവുന്നത്. ഹിജാബ് തെറ്റായി ധരിച്ചുവെന്ന് ആരോപിച്ചായിരുന്നു അമിനി അറസ്‌റ്റിലായത്.

1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ വെല്ലുവിളിയായി വളരുകയാണ് പ്രതിഷേധങ്ങൾ. അതേസമയം, പ്രതിഷേധക്കാരുടെ സുപ്രധാനമായ വിജയമായി ഇറാൻ പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസെരി സദാചാര പോലീസ് യൂണിറ്റ് നിർത്തലാക്കിയെന്ന് പ്രഖ്യാപിച്ചു. എന്നാൽ സദാചാര പോലീസിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അടച്ചുപൂട്ടലിന് സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് വസ്‌തുത.

അസോസിയേറ്റഡ് പ്രസ് പറയുന്നതനുസരിച്ച് സ്ത്രീകൾ ഹിജാബ് കത്തിക്കുകയും സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന പ്രതിഷേധം ആരംഭിച്ചത് മുതൽ ഇറാനിയൻ നഗരങ്ങളിൽ ഉടനീളം സദാചാര പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ കുറവുണ്ടായതായി റിപ്പോർട്ടുണ്ട്. ഇറാനിയൻ നിയമത്തിന് വിരുദ്ധമായി ശിരോവസ്ത്രം ധരിക്കാതെ പൊതുസ്ഥലത്ത് നടക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവുമുണ്ട്.

പ്രതിഷേധങ്ങളിലും തുടർന്നുണ്ടായ അക്രമാസക്തമായ സുരക്ഷാ സേനയുടെ അടിച്ചമർത്തലിൽ 18,000ത്തിലധികം ആളുകൾ അറസ്‌റ്റിലായതായി ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകരുടെ സംഘടന വ്യക്തമാക്കി.