ന്യൂഡൽഹി: ഒഡീഷയിലെ ജാജ്പൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി അപകടം. ട്രെയിനിന്റെ ബോഗികൾ പ്ലാറ്റ്‌ഫോമിലേക്ക് വീണ് രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച രാവിലെ 6.45 ഓടെയാണ് സംഭവം. പാസഞ്ചർ ട്രെയിനിനായി കാത്ത് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ഡോങ്കോപോസിയിൽ നിന്ന് ഛത്രപൂരിലേക്ക് പോകേണ്ട ഗുഡ്സ് ട്രെയിൻ പാളം തെറ്റുകയായിരുന്നു.

എട്ട് ബോഗികൾ പ്ലാറ്റ്‌ഫോമിലേക്കും വെയിറ്റിംഗ് ഹാളിലേക്കും വീണാണ് അപകടം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്റ്റേഷൻ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. പാളം തെറ്റിയതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തെ തുടർന്ന് രണ്ട് ലൈനുകളും തടസ്സപ്പെട്ടതിനാൽ ട്രെയിൻ ഗതാഗതം ഭാഗികമായി ബാധിച്ചു.

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും  ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകാനും അദ്ദേഹം ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതുകൂടാതെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് യാത്രക്കാരുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 25,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.