അമിതവേഗതയിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി കുട്ടികളടക്കം 12 പേര്‍ മരിച്ചു. ബീഹാറിലെ വൈശാലി ജില്ലയിലെ മെഹ്നാര്‍ ഗ്രാമത്തില്‍ ഇന്നലെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.അപകടത്തില്‍ പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ അതീവ ദുഖമുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റ എല്ലാവര്‍ക്കും വിദ്ഗത ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രസിഡന്റ് ദ്രൗപതി മുര്‍മു, തേജസ്വി യാദവ്, നിത്യാനന്ദ് റായ് ഉള്‍പ്പെടെ നിരവധിപേര്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. അതേസമയം, ട്രക്ക് ഡ്രൈവറെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ ഇല്ലയോ എന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് വൈശാലി എസ്പി പറഞ്ഞു.