തിരുവനന്തപുരം: സംസ്ഥാനത്തെ 9 സര്‍വകലാശാല വിസിമാരോട് നാളെ തന്നെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ രാവിലെ പതിനൊന്നരയ്ക്ക് മുമ്പ് രാജി നല്‍കണമെന്നാണ് ആവശ്യം. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ അസാധാരണമായ നീക്കത്തിലേക്കാണ് രാജ്ഭവന്‍ കടന്നിരിക്കുന്നത്. യുജിസി ചട്ടം പാലിക്കാത്ത നിയമനത്തിന്‍റെ   പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി.

കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വി.സിമാരോട് രാജിയാവശ്യപ്പെട്ടിരിക്കുന്നത്.

9ല്‍ 5 വിസിമാര്‍ പാനല്‍ ഇല്ലാതെ ഒറ്റപ്പേരില്‍ നിയമിതരായവരാണ്. അതേസമയം, ഓരോ കാരണം ഉണ്ടാക്കി ഗവര്‍ണര്‍ സര്‍ക്കാരുമായി ഇടയുന്നുവെന്ന് പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. വിസി നിയമനങഅങള്‍ ഗവര്‍ണറുടെ കൂടി അറിവോടെയായിരുന്നുവെന്നും ബേബി പറഞ്ഞു. കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെപോലെ ഗവര്‍ണര്‍ പെരുമാറുന്നുവെന്നും എംഎ ബേബി കുറ്റപ്പെടുത്തി.