തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. മൂന്നാറിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല. തനിക്കെതിരായ ആരോപണത്തിനു പിന്നില്‍ സ്വപ്‌നയാണെന്നും സ്വപ്‌ന ബിജെപിയുടെ ദത്തുപുത്രിയാണെന്നും ഐസക് ആരോപിച്ചു. വേണ്ടത്ര താമസ സൗകര്യമില്ലാത്ത മൂന്നാറിലേക്കൊക്കെ ആരെങ്കിലും ക്ഷണിക്കുമോയെന്നും സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് പറയുന്നതെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടും കേസിന് പോകുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ചാനല്‍ അഭിമുഖത്തിനിടെ കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷ് തോമസ് ഐസക് ഉള്‍പ്പടെയുള്ള മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ക്ക് എതിരെയാണ് സ്വപ്‌ന സുരേഷ്  ആരോപണങ്ങള്‍ ഉന്നയിച്ചത്. മൂന്നാറിലേക്ക് ക്ഷണിക്കുകയും മൂന്നാര്‍ സുന്ദരമായ സ്ഥലമാണെന്ന് തോമസ് ഐസക്ക് പറയുകയും ചെയ്‌തെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. നേരിട്ടായിരുന്നില്ല തോമസ് ഐസക് താത്പര്യം പ്രകടിപ്പിച്ചത്. ചില സിഗ്‌നലുകള്‍ നല്‍കിയായിരുന്നു. തന്നെ വീടിന്റെ മുകളിലേക്ക് ക്ഷണിച്ചു. മൂന്നാറിലേക്ക് പോകാമെന്ന് പറഞ്ഞു – സ്വപ്ന അഭിമുഖത്തിനിടെ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്.

‘ഒരു രാഷ്ട്രീയക്കാരനാകാന്‍ പോലും കടകംപള്ളിക്ക് അര്‍ഹതയില്ല. ഒരു കാരണവശാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനാണ് കടകംപള്ളി. ഫോണില്‍ കൂടി മോശമായി സംസാരിക്കുകയും ലൈംഗികചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലില്‍ റൂമെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകള്‍ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിര്‍ബന്ധിച്ചു. സാധാരണ പല സ്ത്രീകളും  ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകള്‍ ദുരുപയോഗം ചെയ്യാനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും കഴിയുമായിരുന്നു. എന്നാന്‍ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.