ഹൈദരാബാദ്: ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ നാല് വയസ്സുകാരിയെ പ്രിന്‍സിപ്പലിന്റെ ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിച്ചു. ലോവര്‍ കിന്റര്‍ഗാര്‍ട്ടനിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പ്രതിയായ രജനികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബഞ്ചാര ഹില്‍സിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. 

കഴിഞ്ഞ രണ്ട് മാസമായി രജനികുമാര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മകളുടെ സ്വഭാവത്തില്‍ മാറ്റം കണ്ട മാതാപിതാക്കളാണ് കുട്ടിയോട് വിവരം തിരക്കിയത്. കടുത്ത മനോവിഷമത്തിലായിരുന്ന കുട്ടി മിക്കപ്പോഴും കരയുന്നുണ്ടായിരുന്നു. ഡ്രൈവര്‍ തുടര്‍ച്ചയായി ഡിജിറ്റല്‍ ക്ലാസ് റൂമിലേക്ക് വരികയും കുട്ടികളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുമായിരുന്നു. പല കുട്ടികളും പ്രതിയെ ഭയന്നിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ജോയല്‍ ഡേവിസ് പറഞ്ഞു.

”എന്റെ മകള്‍ വിഷാദത്തിലായിരുന്നു, കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല. മാനസികമായും ശാരീരികമായും അവള്‍ അസ്വസ്ഥയായിരുന്നു. അവനെ (പ്രതിയെ) പൊതുസ്ഥലത്ത് നഗ്‌നനാക്കി തല്ലണം. പ്രിന്‍സിപ്പലിനെ ഉടന്‍ പിരിച്ചുവിടണം’, ഇന്ത്യാ ടുഡേ ടിവിയോട് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ‘ഞങ്ങള്‍ സ്‌കൂളിലേക്ക് നല്‍കിയ പണം തിരികെ നല്‍കണം. മകളെ ആ സ്‌കൂളിലേക്ക് ഇനി അയക്കില്ല. ഇതൊരു പ്രശസ്ത സ്‌കൂളായിരിക്കാം, പക്ഷേ പ്രിന്‍സിപ്പല്‍ തന്നെ നല്ലവനല്ല. ഏതുതരം ആളുകളെയാണ് അവര്‍ നിയമിച്ചിരിക്കുന്നത്? ഇത്രയും ക്രൂരമായ കുറ്റകൃത്യം ചെയ്യാന്‍ ആരും ധൈര്യപ്പെടാത്ത വിധത്തില്‍ പ്രതികളെ ശിക്ഷിക്കണം, ”അവര്‍ കൂട്ടിച്ചേര്‍ത്തു.