ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ അറുമുഖസ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി വികെ ശശികല. ജയലളിതയുടെ ചികിത്സയില്‍ താന്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ശശികല പറഞ്ഞു. ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച അറുമുഖസ്വാമി കമ്മീഷന്‍ ശശികലയ്ക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ചയാണ് സമിതി റിപ്പോര്‍ട്ട് സംസ്ഥാന നിയമസഭയില്‍ വെച്ചത്.

”ഞാന്‍ ഇതില്‍പെട്ടതില്‍ വിരോധമില്ല. ഇത് എനിക്ക് പുതിയ കാര്യമല്ല. പക്ഷേ, എന്റെ സഹോദരിയുടെ പ്രതിച്ഛായ കളങ്കപ്പെടുന്നത് കാണുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. ഞാന്‍ ജയിലില്‍ പോയതിനു ശേഷം ഇവിടെയുള്ളവര്‍ അമ്മയുടെ മരണം രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചു. ജയലളിതയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഡിഎംകെയുടെ തന്ത്രങ്ങള്‍ക്ക് അവര്‍ ഇരയായി’, റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് വികെ ശശികല പറഞ്ഞു. തന്നെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്, എന്നാല്‍ അമ്മയുടെ മരണം അതിനായി ഉപയോഗിക്കുന്നത് ക്രൂരമാണെന്നും അവര്‍ പറഞ്ഞു. അമ്മയുടെ മരണം രാഷ്ട്രീയവത്കരിച്ചതിന് പിന്നാലെ അറുമുഖസ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ടും ഇപ്പോള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

‘അസുഖം മാറി ഡിസ്ചാര്‍ജ് ചെയ്യാന്‍ തയ്യാറായപ്പോള്‍, നിര്‍ഭാഗ്യവശാല്‍, അവര്‍ ഞങ്ങളെ വിട്ടുപോയി. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ, അനുമാനങ്ങള്‍ ഉയര്‍ത്തുന്നതിന് പകരം കമ്മീഷന്‍ എന്റെമേല്‍ കുറ്റം ചുമത്തുന്നത് എങ്ങനെയാണ് ന്യായമാകുന്നത്?. ഞാന്‍ 30 വര്‍ഷത്തോളം അമ്മയ്ക്കൊപ്പം താമസിച്ചു. അമ്മയെപ്പോലെ അവരെ സംരക്ഷിച്ചു. അവരുടെ ചികിത്സയില്‍ ഞാന്‍ ഇടപെട്ടിട്ടില്ല. അവള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം. അമ്മയെ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നത് ഞാന്‍ ഒരിക്കലും തടഞ്ഞിട്ടില്ല’, വികെ ശശികല പറഞ്ഞു, 

”എയിംസിലെ ഡോക്ടര്‍മാര്‍ പോലും ആന്‍ജിയോയുടെ ആവശ്യമില്ലെന്ന് തീരുമാനിച്ചു. ഊഹങ്ങളുടെ അടിസ്ഥാനത്തിലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് ജനങ്ങള്‍ വിശ്വസിക്കില്ല. എനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ഞാന്‍ നിഷേധിക്കുന്നു, ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ ഞാന്‍ തയ്യാറാണ്”, അവര്‍ കൂട്ടിച്ചേര്‍ത്തു.

ശശികല ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് അറുമുഖസ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വി.കെ ശശികല, ഡോ. ശിവകുമാര്‍, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി വിജയ് ഭാസ്‌കര്‍ എന്നിവരുടെ പേരുകളാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ശശികലയുമായി 2013 മുതല്‍ ബന്ധമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിട്ടും നടത്തിയില്ല, മരണ വിവരം മറച്ചുവെച്ചു തുടങ്ങിയ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2016 സെപ്തംബര്‍ 13നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിച്ചത് മുതലുള്ള എല്ലാ കാര്യങ്ങളും രഹസ്യമാക്കിവെച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജയലളിതയുടെ മരണത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഈ സഹാചര്യത്തിലാണ് 2017ലെ എഐഎഡിഎംകെ സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ 14 തവണയാണ് കമ്മീഷന്റെ കാലാവധി നീട്ടിയത്. ഓഗസ്റ്റിലാണ് സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.