കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജരായ നാലുപേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടിയെ ഉള്‍പ്പെടെയാണ് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. കാലിഫോര്‍ണിയയിലെ മെര്‍സിഡ് കൗണ്ടിയില്‍ തിങ്കളാഴ്ചയാണ് സംഭവം. ജസ്ദീപ് സിംഗ് (36), ഭാര്യ ജസ്ലീന്‍ കൗര്‍ (27), എട്ട് മാസം പ്രായമുള്ള മകള്‍ അരുഹി ധേരി, 39 കാരനായ അമന്‍ദീപ് സിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് കൗണ്ടി ഷെരീഫ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

സൗത്ത് ഹൈവേ 59-ല്‍ നിന്നാണ് നാലുപേരെയും തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോയയാളെന്ന് സംശയിക്കുന്നയാള്‍ അപകടകാരിയാണെന്നും ഇയാളുടെ കൈവശം ആയുധങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലായതിനാല്‍ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സംശയാസ്പദമായ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

2019ലും ഇന്ത്യന്‍ വംശജനെ തട്ടിക്കൊണ്ടുപോയിരുന്നു. അന്ന് ടെക്‌നീഷ്യനായിരുന്ന തുഷാര്‍ ആത്രെയെ കാമുകിയുടെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുഎസിലെ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ ഉടമയാണ് തുഷാറിനെ കാലിഫോര്‍ണിയയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകല്‍ നടന്ന് മണിക്കൂറുകള്‍ക്കകം ഇയാളുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.