കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വിജയ ഫലങ്ങൾക്ക് പിന്നാലെ പി ടിയെ കാണാൻ ഉമാ തോമസ് എത്തി.ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പി ടി തോമസിന്റെ കല്ലറയ്ക്ക് മുന്നിൽ എത്തിയാണ് ഉമാ തോമസ് പ്രാർത്ഥിച്ചത്.

തൃക്കാക്കരയുടെ ജനവിധി ഉമ്മയുടെ കണ്ണീരിലൂടെ പിടിയെ അറിയിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ പി ടിയെ കാണാൻ എത്തുമെന്ന് ഉമാ തോമസ് ഇതിനു മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപ്പുതോട്ടിലെത്തി പിടിയെ കണ്ടത്.

എനിക്ക് ലഭിച്ച വിജയം പി ടിയ്ക്ക് സമർപ്പിക്കാനാണ് താൻ ഉപ്പുതോട്ടിൽ എത്തിയതെന്നായിരുന്നു ഉമ തോമസിന്റെ ആദ്യ പ്രതികരണം. പിടിയുടെ വികസന സ്വപ്നങ്ങളും രാഷ്ട്രീയ നിലപാടുകളും തുടരാനാണ് താൻ ആഗ്രഹിക്കുന്നത്. തന്നെ നയിക്കുന്നത് പി ടി തോമസാണ്. അദ്ദേഹമാണ് മാർഗദീപമെന്നും മാധ്യമങ്ങളോട് ഉമാ തോമസ് വെളിപ്പെടുത്തി. തന്റെ നിലപാടുകൾ ആരുടെ മുന്നിലും തുറന്നു പറയാൻ തനിക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഇല്ല. പറയാനുള്ളത് എവിടെയാണെങ്കിലും പറയുമെന്നും ഉമാ തോമസ് വ്യക്തമാക്കി. അതേസമയം, ഇടുക്കി ബിഷപ്പ് മാർ ജോർജ് നെല്ലിക്കുന്നേലിനെ സന്ദർശിക്കാനുള്ള അനുമതിയും തേടിയിരുന്നു ഉമാ തോമസ്.

അനുമതി ലഭിക്കുകയാണെങ്കിൽ സന്ദർശനം നടത്തുകയും ഇടുക്കിയിലെ പ്രധാന നേതാക്കളെ കണ്ട് മടങ്ങുകയും ചെയ്യുമെന്ന് ഉമാ തോമസ് പറഞ്ഞു.എന്നാൽ, സ്ഥാനാർഥി പ്രഖ്യാപനം വന്നതിനു ശേഷം പി ടി തോമസിന്റെ ജന്മനാട്ടിൽ നിന്നായിരുന്നു ഉമയുടെ ആദ്യ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നത്. അതേസമയം, ജനങ്ങളെ ദ്രോഹിക്കുന്ന വികസനത്തെ തൃക്കാക്കരയിലെ ജനങ്ങൾ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി തൃക്കാക്കര യു ഡി എഫ് സ്ഥാനാർത്ഥിയായി വിജയിച്ച ഉമാ തോമസ് ഇന്നലെ രംഗത്ത വന്നിരുന്നു.

പി ടി യുടെ നിലപാടിന്റെ രാഷ്ട്രീയം പിന്തുടരാനാണ് തന്റെ തീരുമാനം. പിടിയെ സ്നേഹിച്ച തൃക്കാക്കരക്കാർ തന്നെ കൈവിടില്ല എന്ന് മത്സരത്തിന് ഇറങ്ങിയപ്പോൾ തനിക്ക് ഉറപ്പായിരുന്നു എന്നും ഉമാ തോമസ് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിൽ പങ്കെടുക്കവേ പ്രതികരിച്ചിരുന്നു. ഇടതുപക്ഷ ഭരണത്തിന് എതിരായ വിലയിരുത്തലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ പുറത്തു വന്നത്

യു ഡി എഫിന് ഉണ്ടായത് വൻ വിജയമാണ്. പി ടി തോമസിന്റെ പിൻഗാമിയായി അഭിമാനത്തോടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നിർവഹിക്കും. തൃക്കാക്കരയുടെ വികസന സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചാണ് പി ടി പോയത്. അത് എന്നിലൂടെ പൂർത്തീകരിക്കാനാണ് ഞാൻ ലക്ഷ്യമിടുന്നതെന്ന് ഉമ്മ പറഞ്ഞു. എന്നാൽ, റെക്കോഡ് ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വിജയിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഒരു മാസക്കാലത്തോളം മണ്ഡലത്തില്‍ വലിയ രീതിയുലുളള പ്രചാരണം നടത്തിയിരുന്നു

എന്നാൽ, അവസാന ഫലങ്ങൾ യുഡിഎഫിന് അനുകൂലമാകുകയാണ് ചെയ്തത്. ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകൾ ആയിരുന്നു. എന്നാൽ, 59,839 വോട്ടുകളാണ് 2021 ൽ പി ടി തോമസ് നേടിയത്. അതായത്, 12,928 വോട്ടുകൾ ഇത്തവണ യു ഡി എഫിന് കൂടി. അതേസമയം, എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് 45510 വോട്ടാണ് നേടിയിരുന്നത്. അതായത്, ഇടതു വോട്ടുകളിൽ 2242 വോട്ടിന്റെ വർധനവ് ഉണ്ടായി. അതേസമയം, ബി ജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബി ജെ പി നേടിയത് 15483 വോട്ടുകളായിരുന്നു.