അഹമ്മദാബാദ്; സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ച ക്ഷമ ബിന്ദുവിനെതിരെ വിമർശനവുമായി ബിജെപി അഹമ്മദാബാദ് സിറ്റി യൂണിറ്റിന്റെ ഡെപ്യൂട്ടി ചീഫ് സുനിത ശുക്ല. ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാനാണ് ക്ഷമ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന് സമ്മതിക്കില്ല എന്നായിരുന്നു സുനിത ശുക്ല പറഞ്ഞത്. ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിന് എതിരാണെന്നും ബിന്ദുവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ശുക്ല കൂട്ടിച്ചേർത്തു.

ആൺകുട്ടിക്ക് ആൺകുട്ടിയെയോ പെൺകുട്ടിക്ക് പെൺകുട്ടിയെയോ വിവാഹം കഴിക്കാമെന്ന് ഹിന്ദു സംസ്‌കാരത്തിൽ ഒരിടത്തും എഴുതിയിട്ടില്ലെന്നും അവർ പറഞ്ഞു. “ക്ഷേത്രം പോലുള്ള സ്ഥലങ്ങളാണ് ഇത്തരം കല്യാണത്തിന് തിരഞ്ഞെടുക്കുന്നതെങ്കിൽ ഞങ്ങൾ തടയും. അവളെ ഒരു ക്ഷേത്രത്തിലും വിവാഹം കഴിക്കാൻ അനുവദിക്കില്ല. ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിന് എതിരാണ്. ഇത് ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കും. മതത്തിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ, ഒരു നിയമവും നിലനിൽക്കില്ല.” എന്നായിരുന്നു സുനിത ശുക്ലയുടെ വാക്കുകൾ. അതേ സമയം ജൂണ്‍ 11ന് ഹിന്ദു ആചാരപ്രകാരം താന്‍ സ്വയം വിവാഹം ചെയ്യുമെന്നാണ് ക്ഷമ അറിയിച്ചിരിക്കുന്നത്. ഇതിന് തന്‍റെ അമ്മ അനുവാദം നല്‍കിയിട്ടുണ്ടെന്നും ക്ഷമ അറിയിക്കുന്നു.

സോഷ്യോളജിയിൽ ബിരുദം നേടിയ അഹമ്മദാബാദ് സ്വദേശിയാണ് സ്വയം വിവാഹം കഴിക്കാൻ ഒരുങ്ങുന്ന ക്ഷമ ബിന്ദു. നിലവിൽ ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ റിക്രൂട്ട്‌മെന്റ് ഓഫീസറായി ജോലി ചെയ്യുകയാണ് ഈ ഇരുപത്തിനാലുകാരി. ക്ഷമയുടെ മാതാപിതാക്കൾ രണ്ടുപേരും എഞ്ചിനീയർമാരാണ്. അവളുടെ അച്ഛൻ ദക്ഷിണാഫ്രിക്കയിലും അമ്മ അഹമ്മദാബാദിലും ആണ് ജോലി ചെയ്യുന്നത്. മിക്ക പെൺകുട്ടികളും കുതിരപ്പുറത്ത് വന്ന് അവരെ കൊണ്ടുപോകുന്ന വരനെ സ്വപ്നം കാണുമ്പോൾ, ക്ഷമ തന്റെ വരനെ തന്നിൽത്തന്നെ കണ്ടെത്തി എന്നാണ് അവകാശപ്പെടുന്നത്. സ്വയം തന്നോട് തന്നെ തോന്നിയ പ്രണയം ആണ് മറ്റൊരാളെ വിവാഹം ചെയ്യുന്നതിൽ നിന്ന് ക്ഷമയെ പിൻതിരിപ്പിച്ചത്.

ഒരു വ്യക്തി അയാളെ തന്നെ ഇണയായി തെരഞ്ഞെടുക്കുന്നതിനെയാണ് സോളോഗമി എന്നാണ് പൊതുവേ വിശേഷിപ്പിക്കാറ്. പല വിദേശരാജ്യങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു കേസ് റിപ്പോർട്ട് ചെയ്യുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് സ്വയം വിവാഹം കഴിക്കാൻ പോകുന്ന കാര്യം ക്ഷമ വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയകളിൽ നിരവധി പേര് ക്ഷമയെ പിൻതുണച്ചും പ്രതികൂലിച്ചും രം ഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മിലിന്ദ് ഡിയോറയും വിഷയത്തെ വിമർശിച്ച് രം ഗത്ത് വന്നിരുന്നു. രാജ്യത്തിന്‍റെ സംസ്കാരത്തിന് തന്നെ എതിരാണ് ഈ പ്രവണതയെന്നും ഇത് ബുദ്ധിശൂന്യമായ നടപടി ആണെന്നും ആയിരുന്നു ഡിയോറയുടെ വിമർശനം.