തിരുവനന്തപുരം: തൃക്കാക്കരയില്‍ അടിമുടി പിഴച്ചെന്ന് സിപിഎം സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. 25000 വോട്ടിന്റെ തോല്‍വി ഒരിക്കലുമുണ്ടായില്ല. അത് മനസ്സിലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്നാണ് സെക്രട്ടേറിയേറ്റില്‍ നേതാക്കള്‍ പറഞ്ഞിരിക്കുന്നത്. കിട്ടുമെന്ന വിചാരിച്ച വോട്ടുകളില്‍ പകുതിയോളം നഷ്ടമായെന്നും നേതാക്കള്‍ പറയുന്നു.

മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം നോക്കാതെ, അമിത പ്രാധാന്യം തിരഞ്ഞെടുപ്പിന് നല്‍കിയെന്ന വാദം നേതാക്കള്‍ ഉയര്‍ത്തി. തോല്‍വിക്ക് കാരണമായി പറയുന്നത് സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ഇത്രത്തോളം വലിയ പരാജയമായി മാറ്റിയ സംസ്ഥാന നേതൃത്വം വരെയാണ്. മന്ത്രിമാര്‍ അടക്കം ക്യാമ്പ് ചെയ്തത് തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും വിമര്‍ശനം ഉയര്‍ന്നു.

പ്രതീക്ഷയുണ്ടായിരുന്ന 5000 വോട്ടുകള്‍ ചോര്‍ച്ചയുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. ഉറപ്പിച്ച് പറഞ്ഞിരുന്ന വോട്ടാണ് ഇത്. അതേസമയം ആകെ കൂടിയത് 2800ലധികം വോട്ടുകള്‍ മാത്രമാണ്. എന്തുകൊണ്ട് ഇത്രയും അന്തരം ഉണ്ടായെന്ന് നേതാക്കള്‍ മറുപടി പറയേണ്ടി വരും. എന്തിനാണ് മുഖ്യമന്ത്രി അടക്കമുള്ള ഇത്രയും വലിയ പ്രചാരണം നടത്തിയതെന്നാണ് ചോദ്യം. മുഖ്യമന്ത്രി അടക്കം എത്തി കാടിളക്കി പ്രചാരണം നടത്തിയിട്ടും ഫലമുണ്ടാവാത്തതിലാണ് പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനങ്ങള്‍ വന്നത്. പ്രചാരണ തന്ത്രത്തിന്റെ പാളിച്ചയാണെന്ന് നേതൃത്വം വിലയിരുത്തുന്നു. സംസ്ഥാന സമിതിയാണ് ഇതില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്.

പ്രധാന വിമര്‍ശനങ്ങളിലൊന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയമായിട്ടാണ് സെക്രട്ടേറിയേറ്റ് ചൂണ്ടിക്കാണിക്കുന്നത്. ജോ ജോസഫിനെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാക്കിയതും, ലിസി ഹോസ്പിറ്റലില്‍ വെച്ച് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചതും പാര്‍ട്ടിക്ക് കളങ്കമായി. സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന ആരോപണത്തിന് വളം വെക്കുന്നതായി ഈ സ്ഥാനാര്‍ത്ഥിത്വമെന്നാണ് വിമര്‍ശനം. ഇതിനെ പ്രതിരോധിക്കാന്‍ സിപിഎം നേതൃത്വത്തിന് കഴിഞ്ഞില്ല. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്നു തൃക്കാക്കര. അതിനെ ആ നിലയ്ക്ക് കണ്ടാല്‍ മതിയായിരുന്നു. എന്നാല്‍ പത്ത് ദിവസത്തോളം മുഖ്യമന്ത്രി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തേണ്ടതില്ലായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി.

തെറ്റായ സന്ദേശമാണ് നേതാക്കളില്‍ നിന്ന് മുഖ്യമന്ത്രിക്ക് ലഭിച്ചതെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി. വട്ടിയൂര്‍ക്കാവില്‍ നടന്ന പോലെ കാടിളക്കി പ്രചാരണം നടത്തിയാല്‍ തൃക്കാക്കരയും പിടിക്കാമെന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇത് മഹാ അബദ്ധമായിരുന്നു. ആംആദ്മി പാര്‍ട്ടിയും ട്വന്റി 20യുമെല്ലാം ചെയ്യുന്ന പോലെ പ്രൊഫഷണലുകളെ നിര്‍ത്തിയാല്‍ അത്തരം വോട്ടുകള്‍ കൂടി ലഭിക്കുമെന്ന കണക്കുക്കൂട്ടലും പിഴച്ചു. ഇതൊരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. ആദ്യ ഘട്ടത്തില്‍ പ്രധാന ചര്‍ച്ചയായയിരുന്ന കെ റെയില്‍ പിന്നീട് പെട്ടെന്നാണ് ചര്‍ച്ചയില്‍ നിന്നും ഇല്ലാതായത്.

കെ റെയിലിന്റെ പ്രധാന സ്റ്റേഷന്‍ കടന്നുപോകുന്ന തൃക്കാക്കരയില്‍ അതിനെതിരെ വോട്ട് ചെയ്തുവെന്നതാണ് സത്യം. പക്ഷേ അത് ഒരിക്കലും സിപിഎം തുറന്ന് സമ്മതിക്കില്ല. തിരഞ്ഞെടുപ്പ് വരെ തകൃതിയായി നടന്ന കല്ലിടല്‍ പെട്ടെന്ന് തന്നെ സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. ഇത് യുഡിഎഫും കോണ്‍ഗ്രസും മുതലെടുത്തു. കെ റെയിലിനെതിരെയുള്ള വികാരം ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് ശരിക്കും ആളിക്കത്തിച്ചു. ജനങ്ങള്‍ക്ക് അതിലൂടെ കൃത്യമായി കാര്യങ്ങള്‍ ബോധ്യപ്പെട്ടു. സിപിഎമ്മിനെ ഇത്ര വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്താന്‍ കാരണമായതും അത് തന്നെയാണ്. പക്ഷേ ഈ പദ്ധതിയുമായി ഇനി സിപിഎം മുമ്പോട്ട് പോകുമോ എന്ന് വ്യക്തമല്ല. പോയാല്‍ ഇതിലും വലിയ തിരിച്ചടിയും വന്നേക്കാം.

തോല്‍വിയുടെ കാരണമായി പി രാജീവ് പറയുന്നത് മറ്റ് കാരണങ്ങളാണ്. ഇടത് വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുകയും, സഹതാപത്തിന്റെ തരംഗം കൂടി യുഡിഎഫിന്റെ മണ്ഡലത്തില്‍ വന്നു. ഇതാണ് ഇത്ര വലിയ വിജയത്തിന് യുഡിഎഫിനെ സഹായിച്ചത്. ഞങ്ങളുടെ വോട്ട് കുറഞ്ഞിട്ടില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് തന്നെ മത്സരിച്ചിട്ട് കെട്ടിവെച്ച കാശ് പോകുന്ന സാഹചര്യമുണ്ടായി. തൃക്കാക്കര വലതുപക്ഷ സ്വാധീനം നന്നായിട്ടുള്ളൊരു മണ്ഡലമാണ്.. കഴിഞ്ഞ തവണത്തേക്കാള്‍ ഞങ്ങള്‍ക്ക് വോട്ട് കൂടി. മൊത്തം വോട്ട് കുറഞ്ഞിട്ടും വോട്ടും കൂടി, ശതമാനവും കൂടി. എല്ലാ സമയത്തും തൃക്കാക്കര യുഡിഎഫിനൊപ്പമാണ്. ഞങ്ങള്‍ക്ക് സാധ്യമാകുന്ന രീതിയില്‍ അവിടെ പ്രചാരണം നടത്തിയിട്ടുണ്ടെന്നും രാജീവ് പറഞ്ഞു.