നെയ്റോബി : ആഫ്രിക്കൻ രാജ്യങ്ങളിൽ പിടിവിടാതെ വീണ്ടും മാർബർഗ് വൈറസ്. ടാൻസാനിയയിലെ വടക്ക് – പടിഞ്ഞാറൻ കഗേര മേഖലയിൽ അഞ്ച് പേർ മാർബർഗ് ബാധയെ തുടർന്ന് മരിച്ചു. അയൽരാജ്യമായ കെനിയയിലും ജാഗ്രതാ നിർദ്ദേശമുണ്ട്.

കഴിഞ്ഞ മാസം മദ്ധ്യാഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിൽ ഒമ്പത് പേർ മാർബർഗ് ബാധയെ തുടർന്ന് മരിച്ചിരുന്നു. അതേ സമയം,​ ടാൻസാനിയയിൽ വൈറസ് വ്യാപനം നിയന്ത്രണവിധേയമായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2004 – 2005 കാലയളവിൽ അംഗോളയിൽ വൈറസ് ബാധിച്ച 252 പേരിൽ 227 പേരും മരിച്ചിരുന്നു എബോളയ്ക്ക് സമാനമായി വവ്വാലുകളിൽ നിന്ന് പകരുന്ന മാർബർഗ് വൈറസ് ബാധയ്ക്ക് 88 ശതമാനം വരെ മരണനിരക്കാണുള്ളത്.

ആഫ്രിക്കൻ പഴംതീനി വവ്വാലുകളിൽ നിന്നോ വൈറസ് വാഹകരായ മറ്റ് മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പടരുന്നു. അംഗോള, ഡി.ആർ. കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട തുടങ്ങി ആഫ്രിക്കയുടെ പല ഭാഗത്തും മുമ്പ് മാർബർഗ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും പടരുന്ന മാർബർഗ് വൈറസിന് നിലവിൽ ചികിത്സയോ വാക്സിനോ ഇല്ല. കടുത്ത പനി, തലവേദന, ശരീരവേദന, മസ്തിഷ്‌കജ്വരം, രക്തസ്രാവം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.