വാഷിംഗ്ടൺ: ചുമര് തുരന്ന് ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുപുള്ളികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. വിർജീനിയയിലെ ന്യൂപോർട്ട് ന്യൂസിലെ ജയിലിലാണ് സംഭവം. ജോണ്‍ ഗാര്‍സ, ആര്‍ലെ നെമോ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രിയാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. സമീപത്തുള്ള നഗരത്തിലെ റെസ്‌റ്റോറന്റിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.

ജയില്‍ അധികൃതര്‍ രാത്രി തടവുകാരുടെ എണ്ണമെടുക്കുന്നതിനിടെയാണ് ഇരുവരെയും കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ സെല്ലിലെ ചുമര്‍ തുരന്നനിലയിൽ കണ്ടെത്തി. ഇതോടെ പൊലീസ് സംഘം തെരച്ചില്‍ ആരംഭിക്കുകയും പുലര്‍ച്ചെ സമീപനഗരമായ ഹാംടണില്‍ നിന്ന് രണ്ടുപേരെയും പിടികൂടുകയുമായിരുന്നു.

ചുമരില്‍ വലിയ ദ്വാരമുണ്ടാക്കി സെല്ലില്‍ നിന്ന് പുറത്തുകടന്ന ഇവർ, ജയില്‍ വളപ്പിലെ സുരക്ഷാമതില്‍ ചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ടൂത്ത് ബ്രഷും മറ്റൊരു ലോഹവസ്തുവും ഉപയോഗിച്ചാണ് ഇരുവരും ചുമരില്‍ ദ്വാരമുണ്ടാക്കിയത്.